Merits of State Syllabus

>> Sunday, June 1, 2014

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ മേന്മകള്‍ തിരിച്ചറിയാതെ, മുണ്ടുമുറുക്കിയുടുത്തും തങ്ങളുടെ അരുമകളെ മറ്റുസ്ട്രീമുകളിലേക്ക് അയക്കാനുള്ള രക്ഷിതാക്കളുടെ ത്വര, മറ്റെന്നത്തേക്കാളും വര്‍ദ്ധിച്ചിരിക്കുന്ന ഈ സമയത്ത്, ഇത്തരമൊരു ലേഖനത്തിന് വളരേയധികം പ്രസക്തിയുണ്ടെന്ന് മാത്‌സ് ബ്ലോഗ് ടീം മനസ്സിലാക്കുന്നു. ഇന്‍ബോക്സില്‍ ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഈ മികച്ച ലേഖനം,പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു തൊട്ടുമുമ്പെങ്കിലും, അധ്യാപകരുടേയും രക്ഷിതാക്കളുടേയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത്, ഒരു കടമയായും കരുതുകയാണ്. ചര്‍ച്ചകള്‍ സജീവമാകട്ടെ.

അടുത്തനാളില്‍ മലയോരമേഖലയിലെ ഒരു വീട്ടില്‍നിന്നുണ്ടായ ഒരനുഭവം.. അച്ഛനും അമ്മയും കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തുന്നു. മൂന്നു സെന്റ് സ്ഥലത്തുള്ള വീടിന്റെ ഭിത്തികള്‍ക്ക് പകരം പ്ലാസ്റ്റിക് ചാക്ക്.. പക്ഷേ മക്കള്‍ രണ്ടുപേര്‍ പഠിക്കുന്നത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍..! അന്വേഷിച്ചപ്പോള്‍ മറുപടി ഇങ്ങനെ.."ഞങ്ങള്‍ക്കു പഠിക്കാന്‍ സാധിച്ചില്ല.. അതുകൊണ്ട് മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുവാന്‍ ഞങ്ങള്‍ എന്തു ത്യാഗവും സഹിക്കും." അടുത്ത പ്രദേശത്തുതന്നെ നിലവാരമുള്ള സര്‍ക്കാര്‍ സ്കൂളും എയ്ഡഡ് സ്കൂളുമുള്ളപ്പോഴാണ് രക്ഷിതാക്കള്‍ ഇങ്ങനെ ചിന്തിച്ചതെന്നത് അത്ഭുതപ്പെടുത്തി. അതെ, സംസ്ഥാന സിലബസ് നിലവാരമില്ലാത്തതാണെന്ന തെറ്റായ ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ പടര്‍ന്നിരിക്കുന്നു.

സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകള്‍ക്ക് അതിന്റേതായ മേന്മകളുണ്ട്, പോരായ്മകളുമുണ്ട്. അതുപോലെതന്നെയാണ് സംസ്ഥാന സിലബസും. എന്നാല്‍ അതിന്റെ പോരായ്മകളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ മാത്രമാണ് പൊതു സമൂഹത്തില്‍ നടക്കുന്നത് എന്നതിനാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ പലരും തിരിച്ചറിയുന്നില്ല. സംസ്ഥാന സിലബസില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഡി.പി.ഇ.പി., മാറ്റങ്ങളെ പെട്ടെന്നുസ്വീകരിക്കുവാന്‍ മടികാട്ടാറുള്ള മലയാളി സമൂഹത്തിന് ഉള്‍ക്കൊള്ളാനായില്ല. ഒരാശയം കാണാതെ പഠിപ്പിക്കുന്ന പഴയ രീതിയ്ക്ക് പകരം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടി മനസിലാക്കി പഠിക്കുക എന്ന ശരിയായ മനശാസ്ത്ര സമീപനമാണിത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞുമില്ല. പ്രവര്‍ത്തനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയുള്ള പഠന രീതിയില്‍ പോരായ്മകള്‍ ഉണ്ടായിരുന്നുതാനും. ഇവ പരിഹരിച്ചുകൊണ്ട്, യു.പി. തലം വരെ എസ്.എസ്.എ. -യും ഉയര്‍ന്ന ക്ലാസുകളില്‍ ആര്‍.എം.എസ്.എ. പദ്ധതിയുമാണ് ഇപ്പോള്‍ നടപ്പിലായിരിക്കുന്നത്.

പാഠപുസ്തകങ്ങള്‍ക്ക് നിലവാരമില്ല എന്നതാണ് ഇപ്പോഴുള്ള പ്രധാന വിമര്‍ശനം. മുന്‍പു പറഞ്ഞതുപോലെ, കാണാതെ പഠിപ്പിക്കുന്ന രീതിക്കു പകരം, ചെയ്തുപഠിച്ച് ആ ആശയം കുട്ടികളുടെ മനസിലേയ്ക്ക് ആഴത്തില്‍ പതിപ്പിക്കുക എന്ന മനശാസ്ത്ര സമീപനത്തിലൂന്നിയാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു ആശയം പൂര്‍ണ്ണമാകണമെങ്കില്‍ കുട്ടിയുടെ പാഠപുസ്തകവും അധ്യാപകന്റെ ഹാന്‍ഡ് ബുക്കും ഒരുമിക്കണം. പ്രധാന ആശയത്തിലേയ്ക്കെത്തുവാനുള്ള സൂചനകള്‍, സംഭവങ്ങളായോ പരീക്ഷണ സൂചകങ്ങളായോ പാഠപുസ്തകത്തില്‍ നല്‍കിയിരിക്കും. ഇതിലൂടെ കുട്ടി ചിന്തിച്ച്, പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ഉത്തരത്തിലേയ്ക്കെത്തുമ്പോള്‍, അധ്യാപകന്‍ ഹാന്‍ഡ് ബുക്കിന്റെ സഹായത്തോടെ നിര്‍ദ്ദേശങ്ങളും വിശദീകരണങ്ങളും നല്‍കുന്നു. അങ്ങനെ കാണാതെ പഠനം എന്ന പഴയ രീതിയ്ക്ക് പകരം മനസിലാക്കിയുള്ള ശരിയായ പഠനം നടക്കുന്നു.
പക്ഷേ ഇവിടെ സംഭവിച്ച പരാജയം, നേരിട്ട് പൂര്‍ണ്ണമായ ആശയങ്ങള്‍ നല്‍കാത്ത പാഠപുസ്തകങ്ങള്‍ രക്ഷിതാക്കളില്‍ ആശങ്ക ജനിപ്പിച്ചു എന്നതാണ്. 'ഇന്നൊന്നും പഠിക്കാനില്ല' എന്നു പറയുന്ന കുട്ടിയെ വിദ്യാഭ്യാസമുള്ള രക്ഷിതാക്കള്‍ക്കുപോലും പാഠപുസ്തകം മാത്രമുപയോഗിച്ച് വീട്ടിലിരുത്തി പഠിപ്പിക്കുവാന്‍ സാധിക്കാത്ത അവസ്ഥ വന്നിരുന്നു. ഈ വര്‍ഷംമുതല്‍ മാറി വരുന്ന പുതിയ പുസ്തകങ്ങള്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. കൂടുതല്‍ ഉള്ളടക്കവും വിശദീകരണങ്ങളും നിര്‍വ്വചനങ്ങളും ഐ.റ്റി. സാധ്യതകളും തരുന്ന പുതിയ പാഠപുസ്തകങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്.
പുതിയ ഗ്രേഡിംഗ് രീതികളും അതിനനുസരിച്ചുള്ള ചോദ്യങ്ങളുമാണ് തെറ്റിധരിക്കപ്പെട്ട മറ്റ് രണ്ട് കാര്യങ്ങള്‍. സംസ്ഥാന സിലബസില്‍ ഗ്രേഡിംഗ് വന്നപ്പോള്‍ അതിനെ കണ്ണടച്ച് എതിര്‍ത്തവര്‍ക്ക് സി.ബി.എസ്.ഇ. -യും ഗ്രേഡിംഗ് രീതി തുടങ്ങിയപ്പോളാണ് അതില്‍ വിശ്വാസം വന്നതെന്നുതോന്നുന്നു. ഗ്രേഡിംഗില്‍ കുട്ടികളെ സമഗ്രമായി വിലയിരുത്തുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് പകരം നിശ്ചിത പോയിന്റുകള്‍ കിട്ടുന്ന കുട്ടികള്‍ക്ക് ഒരേ ഗ്രേഡ് നല്‍കുന്ന രീതി അവരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുവാന്‍ ഉപകരിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. കുട്ടിയുടെ പഠന നിലവാരത്തോടൊപ്പം അവന്റെ സാമൂഹിക-വൈകാരിക മേഖലകളും മറ്റുകഴിവുകളും വിലയിരുത്തി അവയെ പ്രോത്സാഹിപ്പിക്കുന്നതാണ് സംസ്ഥാന സിലബസിലുള്ള ഗ്രേഡിംഗ് രീതി.

പാഠപുസ്തകങ്ങളും ഇതിനനുസരിച്ചാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. പണ്ട്, ഭാഷാ വിഷയങ്ങള്‍ പഠിക്കുവാന്‍ നോവലുകളും കഥകളും കാണാതെ പഠിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇംഗ്ലീഷ് പഠിച്ചിട്ടും ഒരു വാക്കുപോലും ഇംഗ്ലീഷില്‍ സംസാരിക്കുവാന്‍ സാധിക്കാത്ത നിരവധിയാളുകളെ ഈ പഠന രീതി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇന്ന് പുസ്തകങ്ങളിലെ നോവലുകളും കഥകളുമൊക്കെ, ഭാഷാ പ്രയോഗങ്ങളും ഗ്രാമറും മനസിലാക്കുവാനുള്ള ഉപാധികള്‍ മാത്രമാണ്. കുട്ടികള്‍ അവ കാണാതെ പഠിച്ചിട്ടുണ്ടോ എന്നല്ല മറിച്ച് പുതിയൊരു സന്ദര്‍ഭത്തില്‍ പ്രയോഗിക്കുവാന്‍ പഠിച്ചിട്ടുണ്ടോ എന്നാണ് പരീക്ഷയില്‍ പരിശോധിക്കുന്നത്.

ശാസ്ത്രവിഷയങ്ങളിലും ഇതേ മാറ്റം വന്നിരിക്കുന്നു. ജീവിതത്തിലെ പരിചിത സന്ദര്‍ഭങ്ങളുമായി ബന്ധിപ്പിച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് കുട്ടികള്‍ ഇന്ന് ശാസ്ത്രവിഷയങ്ങള്‍ പഠിക്കുന്നത്. കോളേജുകളിലെ സയന്‍സ് ലാബില്‍ ജന്തുകോശവും സസ്യകോശവും പഠിച്ചിരുന്ന കാലം മാറി. ഇന്ന് അഞ്ചാം ക്ലാസിലെ കുട്ടികള്‍ മൈക്രോസ്കോപ്പുപയോഗിച്ച് ഇത് ചെയ്തുപഠിക്കുന്നു. ചോദ്യ രീതികളിലും അതിനനുസരിച്ച് മാറ്റം വന്നുകഴിഞ്ഞു. കടല്‍ ജലം ശുദ്ധീകരിക്കുന്ന രീതി ശാസ്ത്രലാബില്‍ പരീക്ഷണം നടത്തി കുട്ടി പഠിക്കുന്നു. എന്നാല്‍ പരീക്ഷയ്ക്ക് , 'ഗള്‍ഫ് നാടുകളില്‍ ശുദ്ധജലമെങ്ങനെ ഉണ്ടാക്കും..', എന്ന രീതിയിലായിരിക്കും ചോദ്യം വരുക. താന്‍ പഠിച്ച ഏതു പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യമെന്നു ചിന്തിച്ചു മനസിലാക്കുന്ന കുട്ടി, തുടര്‍ന്ന് ആ ഭാഗം നിര്‍വ്വചനങ്ങളും ചിത്രങ്ങളും സഹിതം വിശദീകരിക്കണം. കുട്ടികളുടെ എല്ലാ ശേഷികളെയും വിലയിരുത്തുന്ന ഇത്തരം ചോദ്യ രീതികളെയാണ്, പാഠപുസ്തകത്തില്‍ പഠിക്കുന്നതല്ല പരീക്ഷയ്ക്കു വരുന്നതെന്നുപറഞ്ഞ് പരിഹസിക്കുന്നത്.
ചുരുക്കത്തില്‍ ചിലര്‍ ധരിച്ചിരിക്കുന്നതുപോലെ മണ്ടന്‍മാര്‍ക്കുള്ളതല്ല സംസ്ഥാന സിലബസ്. ഇവിടെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കണമെങ്കില്‍ ശരാശരിയിലും ഉയര്‍ന്ന ബൗദ്ധിക നിലവാരം ആവശ്യമാണ്. എട്ടാം ക്ലാസ് വരെ എല്ലാവര്‍ക്കും ക്ലാസ് കയറ്റം നല്‍കുന്നതും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ പരമാവധി കുട്ടികളെ ജയിപ്പിക്കുന്നതും ചില തെറ്റിധാരണകള്‍ വരുത്തിയിട്ടുണ്ട്. ചില വിഷയങ്ങളില്‍ പുറകിലാണെന്ന കാരണത്താല്‍ മണ്ടന്‍മാരെന്ന് മുദ്രകുത്തപ്പെട്ടവര്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞരായതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ, പിന്നീടാണെങ്കിലും പരിശ്രമങ്ങളിലൂടെ ഉയര്‍ന്നുപോകുവാനുള്ള അടിസ്ഥാന യോഗ്യത കുട്ടികളുടെ എല്ലാ കഴിവുകളും പരിഗണിച്ച് നാം നല്‍കേണ്ടിയിരിക്കുന്നു. എസ്.എസ്.എല്‍.സി.-യ്ക്ക് ജയിക്കാന്‍ എളുപ്പമാണെങ്കിലും ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കണമെങ്കില്‍ കഠിന പരിശ്രമം ആവശ്യമാണ് എന്നകാര്യവും ശ്രദ്ധിക്കേണ്ടതാണ്.

പ്രവേശനപരീക്ഷകളില്‍ മുന്നിലെത്തണമെങ്കില്‍ മറ്റ് സിലബസുകള്‍ പഠിച്ചേതീരൂ എന്നതാണ് തെറ്റായ മറ്റൊരു ധാരണ. ബൗദ്ധികമായും ഭൗതികമായും ഉയര്‍ന്ന നിലയിലുള്ള കുട്ടികള്‍ ഇപ്പോള്‍ കൂടുതലായും അത്തരം സിലബസുകളില്‍ പഠിക്കുന്നതിനാല്‍ പരീക്ഷകളില്‍ അവര്‍ മുന്നിലെത്തുന്നത് സ്വാഭാവികം മാത്രം. ഇത്തവണ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യ ആയിരം റാങ്കുകള്‍ പരിശോധിച്ചാല്‍ അതില്‍ സ്റ്റേറ്റ് സിലബസുകാര്‍ മറ്റുള്ളവരേക്കാള്‍ മുന്നിലെത്തി എന്നകാര്യവും ശ്രദ്ധേയമാണ്.
സ്റ്റേറ്റ് സിലബസില്‍, സാമൂഹികമായും സാമ്പത്തികമായും വിവിധ തലങ്ങളില്‍ നില്‍ക്കുന്ന കുട്ടികള്‍ ഒരുമിച്ചു പഠിക്കുമ്പോള്‍ സ്കൂളിനുപുറത്തുള്ള സമൂഹത്തിന്റെ ഒരു പരിഛേദം കുട്ടിയ്ക്ക് അനുഭവവേദ്യമാകുന്നു. ഈ നേരനുഭവങ്ങളാണ് സാമൂഹികപ്രതിബദ്ധതയുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നത്.

ഗവണ്‍മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്‍കുന്ന സൗജന്യങ്ങളെക്കുറിച്ചും പലര്‍ക്കും ശരിയായ ധാരണയില്ല. എട്ടാം ക്ലാസ് വരെ പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. ഗവണ്‍മെന്റ് / എയ്ഡഡ് സ്കൂളുകളില്‍ അഡ്മിഷന്‍ ഫീസുകള്‍ ഒന്നുമില്ല. യൂണീഫോം ഒഴികെ സ്കൂളില്‍ ഒരു വര്‍ഷം വേണ്ടിവരുന്ന ചെലവുകള്‍ എല്ലാം കൂട്ടിനോക്കിയാലും അഞ്ഞൂറു രൂപയില്‍ കൂടാറില്ല. വിവിധ വിഭാഗങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പുകളും നിരവധി. ഐ.റ്റി. @ സ്കൂള്‍ നേതൃത്വം നല്‍കുന്ന കംപ്യൂട്ടര്‍ പരിശീലനവും ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. പതിനായിരക്കണക്കിന് രൂപ ഫീസ് നല്‍കി പഠിക്കേണ്ട ഐ.റ്റി. പാഠങ്ങളാണ് പത്താം ക്ലാസ് വരെയുള്ള ഐ.റ്റി. പുസ്തകങ്ങളിലൂടെ കുട്ടികള്‍ പഠിച്ചുകഴിയുന്നത്.
നിവൃത്തിയില്ലാത്ത കുട്ടികള്‍ക്കു മാത്രമല്ല മറിച്ച് സ്കൂളിലെത്തുന്ന എല്ലാ കുട്ടികള്‍ക്കും പോഷകസമൃദ്ധമായ ഉച്ചക്ഷണം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി, കുട്ടികളുടെ സമഗ്ര വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുവാന്‍ കലോത്സവങ്ങള്‍, ശാസ്ത്രോത്സവങ്ങള്‍, വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍, പരിശീലന പരിപാടികള്‍, മത്സരങ്ങള്‍ തുടങ്ങിയവകൂടാതെ സ്കൂളുകള്‍ സ്വന്തം നിലയില്‍ കുട്ടികള്‍ക്കായി നടത്തുന്ന വ്യത്യസ്തവും നൂതനവുമായ നിരവധി പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുമുണ്ട്. സൗജന്യമായി ലഭിക്കുന്നതിന് എന്തൊക്കെയോ കുറവുകളുണ്ടാകാം എന്ന മലയാളികളുടെ പൊതുധാരണയും അവരെ സംസ്ഥാന സിലബസില്‍നിന്ന് അകറ്റിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഒരിക്കല്‍കൂടി പറയട്ടെ.. ഏതു സിലബസിനും അതിന്റേതായ മേന്മകളുമുണ്ട്, പോരായ്മകളുമുണ്ട്. എന്നാല്‍ സംസ്ഥാന സിലബസിന്റെ പോരായ്മകള്‍ വാര്‍ത്തകളാകുകയും മേന്മകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു എന്നതിലാണ് സങ്കടം.

37 comments:

ഹോംസ് June 1, 2014 at 9:02 AM  

ഇതൊക്കെ വായിക്കേണ്ടതും, പതിനായിരം പ്രാവശ്യം ഇമ്പോസിഷനെഴുതി പഠിക്കേണ്ടതും ഞങ്ങള്‍, സാധാരണ രക്ഷിതാക്കളൊന്നുമല്ല, നിങ്ങള്‍ മാഷുമ്മാരും ടീച്ചര്‍മാരും തന്നെ!! സ്വന്തം മക്കളെ മറ്റു സ്ട്രീമുകളിലേക്കയച്ച്,പൊതുവിദ്യാഭ്യാസത്തിന്റെ മേന്മകള്‍ കൊട്ടിഘോഷിച്ച്, സ്വന്തം ജോലിയും കൂലിയും ഭദ്രമാക്കാന്‍ കുട്ടികളെത്തെണ്ടി ഞങ്ങള്‍ കോരന്മാരുടെ കുടിലുകളിലേക്ക് വളിച്ച ചിരിയും പ്രലോഭനങ്ങളുമായെത്തുന്ന......
വേണ്ട, ഞാന്‍ പഴയ ഹോംസാകുന്നില്ല.

Nidhin Jose June 1, 2014 at 9:09 AM  

കാണാന്‍ കണ്ണുള്ളവൻ കാണട്ടെ.....
കേള്‍ക്കാന്‍ ചെവിയുള്ളവൻ കേള്‍ക്കട്ടെ.....

ഇതൊക്കെ സത്യമാണോ എന്നറിയാന്‍ രക്ഷിതാക്കളേ... നിങ്ങള്‍ വരുവിന്‍ ഞങ്ങളുടെ വിദ്യാലയങ്ങളിലേക്ക്...
അനാഥരല്ല ഞങ്ങള്‍ എന്ന് കുട്ടികളെക്കാളുപരി ഞങ്ങള്‍ അധ്യാപകര്‍ക്കാണ് തോന്നലുണ്ടാവേണ്ടത്....

ചര്‍ച്ചയ്ക് തുടക്കം കുറിച്ചതിന് നന്ദി ടേണിസാര്‍....

ഫൊട്ടോഗ്രഫര്‍ June 1, 2014 at 10:23 AM  

All expenditures for admitting a student in quality CBSE/ICSE schools should be granted from Kerala Government. I think this is the only solution to help poors to attain quality education. All govt./Aided schools should be converted to CBSEs. English only be the medium of instruction. severe fine is to be levied from malayalam talking country students.

muralichathoth June 1, 2014 at 12:23 PM  

I request Math blog team to scrutinise the comments before publishing it. some of the comments are really substandard. ..,. please look into it.

Thank you

muralichathoth June 1, 2014 at 12:23 PM  

I request Math blog team to scrutinise the comments before publishing it. some of the comments are really substandard. ..,. please look into it.

Thank you

Tony Puthiyaparampil Poonjar June 1, 2014 at 3:05 PM  

പ്രിയ ഹോംസ്..
തലകുനിക്കാതെതന്നെ എനിക്ക് താങ്കള്‍ക്കുള്ള മറുപടി എഴുതാം. കാരണം എന്റെ മകന്‍ പഠിക്കുന്നത് സംസ്ഥാന സിലബസിലുള്ള എയ്ഡഡ് സ്കൂളിലാണ്. മക്കളെ സ്റ്റേറ്റ് സിലബസില്‍തന്നെ പഠിപ്പിക്കുന്ന ധാരാളം അധ്യാപകരെയും എനിക്കറിയാം. അതിനാല്‍ ദയവായി ഇങ്ങനെ അടച്ചാക്ഷേപിക്കരുത്. അതേ സമയംതന്നെ പല കാരണങ്ങളാല്‍ മറ്റു സ്ട്രീമുകളിലേയ്ക്ക് മക്കളെ അയക്കുന്ന അധ്യാപകരും ധാരാളമുണ്ട്. ഈ കാര്യത്തില്‍ അധ്യാപക സമൂഹം ആത്മ പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരപേക്ഷകൂടി.. സംസ്ഥാന സിലബസിന്റെ മേന്മകള്‍ സൂചിപ്പിക്കുന്ന ലേഖനമായതിനാല്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളുംകൂടി ഇവിടെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു..

Unknown June 1, 2014 at 5:37 PM  

ഉചിതമായപോസ്റ്റ്.......ഉചിതസമയത്ത്.....ആധ്യപ്രതികരനം...എന്നെപ്പോലെയുള്ള.അധ്യാപകരെഅടച്ചാക്ഷെപിക്കലായി......നന്നായിപഠിപ്പിക്കുന്ന..നല്ലാധ്യാപകര്‍ഒരുപാടുണ്ട്.....അപവാദങ്ങള്‍ഉണ്ടാകാം....പക്ഷേപടിപ്പിച്ഛതുകൊണ്ടുമാത്രം...അത്ജനങ്ങളില്‍..എത്തണമെന്നില്ല...അതിനുബോധപുര്‍വമായ...ശ്രമംതന്നെവേണം....അവിടെയാണ്പരാജയംസംഭവിച്ചത്

SITC'S DESK June 1, 2014 at 8:09 PM  

Give marks as well as grade up to 7th standard like High School classes...

drkaladharantp June 1, 2014 at 8:53 PM  

കേരളസിലബസിന്റെ ശക്തി ഇവിടുത്തെ സമൂഹത്തിനും ഒപു വിഭാഗം അധ്യാപകര്‍ക്കും സംംഘനകല്‍ക്കും ബോധ്യപ്പെടാത്തതാണ് പ്രശ്നം. ജംബോകരിക്കുലം കമ്മറ്റിയ്കും ഫീല്‍ഡ് എക്സ്പീരിയന്‍സ് കുറവ്.എത്ര അഖിലേന്ത്യാ പഠനങ്ങള്‍ കേരളനിലവാരം മുന്നിലാണെന്നു കണ്ടെത്തി.ആര്‍ക്കും അതൊന്നും വേണ്ട, മാധ്യമം ഇംഗ്ലീഷായാല്‍ മതി.കുറേ അധ്യാപകര്‍ വിഷയാടിസ്ഥാനത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ച് മികവനുഭവങ്ങള്‍ വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമതയോടെ ഇടപെടുന്നതിനും ശ്രമിക്കുന്നുണ്ട്.അക്കാദമികമായ ഇടപെടലുകളിലേക്ക് ഇത്തരം പോസ്റ്റുകള്‍ നിര്‍ബന്ധിക്കണം. മാത്സ് ബ്ലോഗില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാറുളള സുഹൃത്തുക്കള്‍ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാത്തത് അവരവരുടെ വിദ്യാലയങ്ങളില്‍ നിന്നും ഉദാഹരണങ്ങള്‍ പങ്കിടാനില്ലാത്തതുകൊണ്ടല്ല എന്നു കരുതുന്നു.വിദ്യാലയത്തെക്കുറിച്ച് നാട്ടുകാര്‍ക്കുണ്ടാകേണ്ട അവബോധം പ്രധാനമാണ്. സമൂഹത്തെ അക്കാദമിക കാര്യങ്ങളില്‍ അടുപ്പിക്കാത്ത ബന്ധിപ്പിക്കാത്ത വിദ്യാലയങ്ങളാണ് അധികവും.ചില പൊതുവിദ്യാലയങ്ങള്‍ നാട്ടിലുണ്ടാക്കുന്ന കെട്ട ഇമേജ് വെച്ച് എല്ലാ വിദ്യാലയങ്ങളേയും അളക്കുന്നതിലേക്ക് സമൂഹം വഴുതിവീഴുകയും ചെയ്യുന്നു

Tony Puthiyaparampil Poonjar June 1, 2014 at 9:02 PM  

സ്റ്റേറ്റ് സിലബസിന്റെ മേന്മകളെക്കുറിച്ച് ബോധപൂര്‍വ്വമായ പ്രചരണം അധ്യാപകരുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാകണം. മനസില്‍ പെട്ടെന്നുവന്ന ചില ആശയങ്ങളാണ് ഈ ലേഖനത്തില്‍ കുറിച്ചത്. സമൂഹത്തില്‍നിന്ന് ഇപ്പോഴുണ്ടാകുന്ന പല പ്രതികരണങ്ങളും സ്കൂളില്‍ ആത്മാര്‍ത്ഥമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരെ വേദനിപ്പിക്കുന്നതാണ്. ഈ തെറ്റിധാരണകള്‍ മാറേണ്ടിയിരിക്കുന്നു. PTA മീറ്റിംഗുകളിലും പൊതു വേദികളിലും സംസ്ഥാന സിലബസിന്റെ ഈ നന്മകള്‍ ചര്‍ച്ചാവിഷയമാകേണ്ടതല്ലേ ? മാധ്യമങ്ങളില്‍ പോരായ്മകള്‍ മാത്രമേ ചര്‍ച്ചയാകാറുള്ളൂ. (ഈ ലേഖനം പ്രസിദ്ധീകരിച്ച ദീപിക ദിനപത്രത്തെ നന്ദിയോടെ സ്മരിക്കുന്നു.)ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കവുന്ന ആശയങ്ങള്‍ കമന്റായി രേഖപ്പെടുത്തുമല്ലോ..

CHERUVADI KBK June 1, 2014 at 9:34 PM  

Gud topic expects more comments and suggestions

malayalasangeetham June 1, 2014 at 10:43 PM  

കെട്ടും മട്ടും ഒക്കെയുള്ള പുത്തൻ ഹോട്ടലിൽ കയറിയാൽ ഉള്ള ഒരു ഗമ നാടൻ ഹോട്ടലിൽ കയറിയാൽ മലയാളികൾക്ക് ഇപ്പോൾ അത്ര കിട്ടുന്നില്ലത്രേ ....... പോരാത്തതിന് സത്യം ബോധ്യപ്പെടുത്തുന്നതിന് ഉത്തരവാദപ്പെട്ടവർക്ക് കഴിയുന്നുമില്ല...

PMSM ISLAMIC CENTRE June 1, 2014 at 11:10 PM  

To ..Kaladharan TP

1
എത്ര അഖിലേന്ത്യാ പഠനങ്ങള്‍ കേരളനിലവാരം മുന്നിലാണെന്നു കണ്ടെത്തി.?

?അതൊന്ന് വ്യക്തമാക്കാമോ
മാഷേ....ഏതെല്ലാം പഠനങ്ങളാണ് ഇവ വ്യക്തമാക്കിയത്.ലിങ്കുകളോ, മറ്റു വിവരങ്ങളോ പങ്കുവെച്ചാല്‍ നന്നായിരുന്നു.


2.
ആര്‍ക്കും അതൊന്നും വേണ്ട, മാധ്യമം ഇംഗ്ലീഷായാല്‍ മതി.

സര്‍ക്കാറിനും കേരള സിലബസിലുള്ള കുറെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുണ്ടല്ലോ.....


Santhosh Keechery June 1, 2014 at 11:52 PM  

ടോണിസാറിന്റെ സമയോചിതമായ ഇടപെടലിന് ഒത്തിരി അഭിനന്ദനങ്ങള്‍...പ്രിയ ഹോംസ്..എന്റെ രണ്ടു കുട്ടികളും
എന്റെ ഗ്രാമത്തിലെ state syllabus school ലാണ്
പഠിക്കുന്നത്...അധ്യാപകരെ അങ്ങനങ്ങ് അടച്ചാക്ഷേപിക്കാന്‍
വരട്ടെ സാറെ...ഈ വര്‍ഷം പുറത്തിറങ്ങിയ പുതിയ പുസ്തകങ്ങള്‍ എത്ര മികച്ചതാണ്...പൊതുവിദ്യാലയങ്ങളിലെ
ചെറിയ പ്രശ്നങ്ങളെ പെരുപ്പിച്ച് പ്രസിദ്ധീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒറ്റ പത്രക്കാരും ഈ നന്മയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ???...

Manikandan June 2, 2014 at 2:25 AM  

നല്ല ലേഖനം.

Meenakshi kutti June 2, 2014 at 9:23 PM  

thanks a lot to tony sir for publishing the importance of kerala syllabus

Unknown June 2, 2014 at 10:00 PM  

വളരെ അധികം ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം.പണ്ട് പണ്ട ബോംബേ നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ ഇങ്ങനെ എഴുതി വെച്ചിരുന്നുവത്രേ "ഈ ഹോട്ടലിലെ പ്രധാന കുക്ക് ഇവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത് " ഇത്തരത്തിലുള്ള ഒരു പരസ്യവാചകം എത്ര സ്കൂളുകള്‍ക്ക് നല്‍കാന്‍ കഴിയും എന്ന് ആത്മ പരിശോധന നടത്തുക.2.എയ്ഡഡ് വിദ്യാലയങ്ങളിലെ 70ശതമാനം ‌അദ്ധ്യാപകരും സജീവ രാഷ്ട്രീയപ്രവര്‍ത്തകരാണ്(പഞ്ചായത്ത് മെമ്പര്‍മാര്‍, സഹകരണസംഘം ഭാരവാഹികള്‍ തുടങ്ങി) .ഇത് എത്രമാത്രം അക്കാദമിക്ക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന് ആത്മപരിശോധന നടത്തുക

Zain June 3, 2014 at 6:58 AM  

Waiting for a better time to comment

RASHEED ODAKKAL KONDOTTY June 3, 2014 at 9:35 AM  

അനല്‍പമായ അഭിമാനവും ആഹ്ളാദവും തോന്നുന്നു. ഈയുള്ളവന്റെ രണ്ടു മക്കളും എന്റെ കൂടെ കൊണ്ടോട്ടി ഗവണ്‍മെന്റ് ഹൈസ്കൂളിലാണല്ലോ വിദ്യ അഭ്യസിക്കുന്നത്! പോസ്റ്റിന് എന്റ അകമഴിഞ്ഞ പിന്തുണ.

thoolika June 3, 2014 at 8:23 PM  

ഈ വര്‍ഷം പുറത്തിറങ്ങിയ പുതിയ പുസ്തകങ്ങള്‍ എത്ര മികച്ചതാണ്.
പുസ്തകങ്ങൾ മികച്ചതായത് കൊണ്ടുമാത്രം ഒരു പാഠ്യ പദ്ധതിയും മികച്ചതാവണമെന്നില്ല . ഏട്ടിലെ പശു പുല്ലുതിന്നില്ലല്ലോ ? മറിച്ച് അതിലെ ഉള്ളടക്കം ശരിയായ അളവിൽ ശരിയായ രീതിയിൽ കുട്ടികളിലേയ്ക്ക് എത്തിക്കുമ്പോൾ മാത്രമേ പാഠ്യ പദ്ധതി അതിന്റെ ലക്‌ഷ്യം കാണുകയുള്ളൂ . പാഠപുസ്തകങ്ങളിൽ നിന്നും ഉള്ളടക്ക ഭാഗം പരമാവധി നീക്കം ചെയ്ത് എല്ലാം കുട്ടികൾ കണ്ടെത്തട്ടെ എന്ന സമീപന രീതി ആശാസ്യമാണോ? പാഠപുസ്തകങ്ങൾക്ക് അനുയോജ്യമാം വിധം ലാബ്‌ , ലൈബ്രറി , ഇന്റർനെറ്റ് സൌകര്യങ്ങൾ പര്യാപ്തമല്ലെങ്കിൽ കുട്ടി കണ്ടെത്തുന്നത് വട്ട പൂജ്യമാകും.

Rajeev June 3, 2014 at 8:34 PM  

പ്രിയപ്പെട്ട ടോണി,
ഉചിതമായ പോസ്റ്റ് തന്നെ.ഇംഗ്ലീഷ് ബ്ലോഗില്‍ അന്ന് തന്നെ ഷെയര്‍ ചെയ്തിരുന്നു.
നമുക്ക്‌ താരതമ്യ വിവരങ്ങള്‍ ഒരു റ്റേബിള്‍ ആയി നല്‍കാന്‍ സാധിച്ചാല്‍ നന്നായിരിക്കും. kalaadharan മാഷുടെ ബ്ലോഗുകളില്‍ ഉണ്ടെന്നാണ് ഓര്‍മ്മ.
പലരും സൂചിപ്പിച്ച പോലെ ആളുകളിലേയ്ക്ക് നമ്മുടെ സിലബെസിന്റെ മേന്മകള്‍ എത്തിക്കാനുണ്ട്‌.

Rajeev
English Blog

Rajeev June 3, 2014 at 8:46 PM  

ഡി.പി.ഈ.പി.വന്ന കാലത്ത്‌ തരക്കേടില്ലാതെ പോയിരുന്ന നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം തകരാന്‍ പോകുന്നു എന്ന മട്ടില്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജീപ്പിലും മറ്റും മൈക് കെട്ടി പ്രചാരണം നടത്തിയിരുന്നത്‌ ഓര്‍ക്കുന്നു. അന്ന് അധ്യാപകന്‍ അല്ലാഞ്ഞതിനാല്‍ ബസില്‍ ഇരുന്ന് പ്രസംഗം കേട്ട പലരും കരുതി ശരിയാണ് എന്ന്. അതിന്റെ പിന്നിലെ കാരണങ്ങള്‍ ആരും അറിഞ്ഞില്ല. അങ്ങനെ ചിലര്‍ ചേര്‍ന്ന് വിദ്യാഭ്യാസ മേഖലയെ രക്ഷിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ പൊതു വിദ്യാഭ്യാസ മേഖല തകരാന്‍ കാരണമായീ.ഒരു പക്ഷെ ഈ മേഖലയെ രക്ഷിക്കുവാനുള്ള അത്യുത്സാഹം ആയിരിക്കണം അവരെ അതിനു പ്രേരിപ്പിച്ചത്. പക്ഷെ ആ പ്രചാരണ കോലാഹലം വീക്ഷിച്ചുകൊണ്ട്‌ ആശങ്കാകുലരായ ഒരു പറ്റം രക്ഷകർത്താക്കളും ഉണ്ടായിരുന്നു. പത്ര മാധ്യമങ്ങളിലെയും ചായക്കടയിലെയും ചർച്ചകളിൽ ആശങ്കകൾ നിറഞ്ഞു. സിനിമകൾ വരെ ഇറങ്ങി. അതിന്റെ ഫലം പിന്നീടുള്ള വർഷങ്ങളിൽ പൊതു വിദ്യാഭ്യാസ മേഖല അനുഭവിച്ചറിഞ്ഞു. ഇന്നത്തെ നമ്മുടെ ഈ അവസ്ഥയ്ക്ക് ഒരു പരിധി വരെ നമ്മൾ അദ്ധ്യാപകർ തന്നെ ആണ് കാരണക്കാർ.

Unknown June 3, 2014 at 8:47 PM  

സാര്‍
സ്വന്തം മക്കളെ മറ്റു സ്ട്രീമുകളിലെക്ക് അയച്ച് പൊതു വിദ്യാഭ്യാസ മേന്മകളെ കുറിച്ച് വായടിക്കുന്ന അധ്യാപകരെ തടയാനുള്ള ധൈര്യം നമുക്കുണ്ടാകണം

Unknown June 3, 2014 at 11:30 PM  

KADALASU PULI

Tony Puthiyaparampil Poonjar June 4, 2014 at 7:25 AM  

അധ്യാപകരുടെ മക്കളില്‍ മാത്രം നമ്മുടെ ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചുപോയെന്നു തോന്നുന്നു. കുട്ടികളുടെ സമഗ്രവളര്‍ച്ച ലക്ഷ്യംവച്ചുള്ള, വ്യക്തിത്വ വികസനത്തിനുതകുന്ന, അവരില്‍ മൂല്യബോധവും സാമൂഹ്യസേവനതത്പ്പരതയും പരിസ്ഥിതി സ്നേഹവുമൊക്കെ വളര്‍ത്തുന്ന എന്തുമാത്രം പ്രവര്‍ത്തനങ്ങളാണ് നമ്മുടെ സ്കൂളുകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ ചര്‍ച്ചകള്‍ അത്തരം കാര്യങ്ങളിലേയ്ക്കുകൂടി തിരിയട്ടെ.. എന്റെ സ്കൂളില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം ഈ രീതിയിലുള്ള അന്‍പതില്‍പരം വ്യത്യസ്ത പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഇതുപോലെയോ ഇതിനേക്കാള്‍ മികച്ചതോ ആയ നിരവധി പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നമ്മുടെയെല്ലാം സ്കൂളുകളില്‍ നടക്കുന്നില്ലേ..? സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്നത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നല്ലേ..?

sajan paul June 4, 2014 at 2:15 PM  

entrance പരീക്ഷയില്‍ ആദ്യ ആയിരം റാന്കില്‍ നല്ലൊരുശതമാനം സ്റ്റേറ്റ് സിലപസുകാരാണ്.നല്ലത് എന്നാല്‍ entrance പരീക്ഷയെഴുതിയ സ്റ്റേറ്റ് സിലബസ്സ് വിദ്യാര്ത്ഥികളില്‍ എത്ര ശതമാനം ആദ്യ ആയിരത്തില്‍ വന്നു കാണും..?അതു പോലെentrance പരീക്ഷയെഴുതിയ cbse സിലബസ്സ് വിദ്യാര്ത്ഥികളില്‍ എത്ര ശതമാനം ആദ്യ ആയിരത്തില്‍ വന്നു കാണും..?

Tony Puthiyaparampil Poonjar June 4, 2014 at 6:46 PM  

ശതമാനക്കണക്കുകള്‍ നോക്കുമ്പോള്‍ ഇതുകൂടി ശ്രദ്ധിക്കുക. സ്റ്റേറ്റ് സിലബസില്‍ പഠിച്ച് പരീക്ഷ എഴുതിയവര്‍ 69657 പേര്‍. സി.ബി.എസ്.ഇ. -യില്‍ പഠിച്ച് പരീക്ഷ എഴുതിയവര്‍ 20464 പേര്‍ മാത്രവും. ആദ്യ ആയിരം റാങ്ക് പരിഗണിക്കുകയും അകെ പരീക്ഷ എഴുതിയവരുടെ എണ്ണത്തെ അടിസ്ഥാനമാക്കി ശതമാനം നോക്കുകയും ചെയ്താല്‍ , വളരെ കൂടുതല്‍ സ്റ്റേറ്റ് സിലബസുകാര്‍ പരീക്ഷ എഴുതിയതിനാല്‍ ശതമാനത്തില്‍ അവര്‍ തീര്‍ച്ചയായും പുറകിലാകും. അതോടൊപ്പം ലേഖനത്തിലെ ഒരു കാര്യം വീണ്ടും സൂചിപ്പിക്കട്ടെ. ഇപ്പോള്‍ മറ്റു സിലബസുകളില്‍ പഠിക്കുന്നതില്‍ ഭൂരീഭാഗവും ബൗദ്ധികമായും ഭൗതികമായും ഉയര്‍ന്ന നിലയിലുള്ള കുട്ടികള്‍ ആയതിനാല്‍ പരീക്ഷകളില്‍ അവര്‍ മുന്നിലെത്തുന്നത് സ്വാഭാവികം മാത്രം. എങ്കില്‍പോലും മുന്‍പന്തിയിലെത്തിയവരെ കണക്കാക്കുവാന്‍ ആദ്യ ആയിരം റാങ്ക് എപ്പോഴും നാം എടുത്തുപറയാറുണ്ട്. കൃത്യമായ കണക്കുകള്‍ ഇപ്രകാരമാണ് : ആദ്യ 1000 റാങ്കിനുള്ളില്‍ എത്തിയ സ്റ്റേറ്റ് സിലബസുകാര്‍ - 491, സി.ബി.എസ്.ഇ. പഠിച്ചവര്‍ - 475, ഐ.സി.എസ്.ഇ. സിലബസുകാര്‍ - 30. ബാക്കി മറ്റു സിലബസുകാരും. മെയ് 16-നുള്ള എല്ലാ ദിനപത്രങ്ങളിലും ഈ കണക്കുകള്‍ നല്‍കിയിട്ടുണ്ട്.

Rajeev June 4, 2014 at 8:36 PM  

ക്രീമി ലെയർ കുട്ടികളെ മാത്രം അരിച്ചെടുത്ത് ആണ് ഭൂരിപക്ഷം CBSE സ്കൂളുകളും പ്രവർത്തിക്കുന്നതും പത്താം ക്ലാസിൽ റിസൽറ്റ് ഉണ്ടാക്കുന്നതെന്നതും പരസ്യമായ രഹസ്യമാണല്ലോ ! താരതമ്യം ചെയ്യുമ്പോൾ എണ്ണം മാത്രം പരിഗണിച്ചാൽ പോരാ.. സാധാരണക്കാരുടെ മക്കളാണ് സ്റ്റേറ്റ് സിലബസിൽ ബഹുഭൂരിപക്ഷവും എന്നത് കൂടി പരിഗണിക്കണം. പരിമിതമായ സാഹചര്യങ്ങളിൽ ആണ് അവർ വിദ്യാഭ്യാസം നേടിയത് എന്നത് പരിഗണിക്കണം.

Rajeev
English Blog

KRISHNAN KURIYA June 4, 2014 at 10:52 PM  

പൊതുവിദ്യാഭ്യാസത്തെ പിന്‍ബെഞ്ചിലാക്കുന്നതില്‍ മാദ്ധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഉരു പ്രമുഖ ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട "പൊതുവിദ്യാഭ്യാസം പിന്‍ബെഞ്ചിലേക്ക് " എന്ന ലേഖനം എത്ര മാത്രം രക്ഷിതാക്കളെ സ്വാധീനിച്ചിട്ടുണ്ടാകണം? ഫോട്ടോഗ്രാഫര്‍മാരെ വളര്‍ത്തുക തന്നെയായിരുന്നില്ലേ അതിന്റെ ഉദ്ദേശ്യം? അല്ലെങ്കില്‍ എന്തുകൊണ്ട് മെയ് മാസത്തില്‍ അത്തരമൊരു ലേഖനം?

N.Sreekumar June 5, 2014 at 1:23 AM  

CBSE സിലബസ്, കേരള സിലബസ് വിവാദം കൊഴുക്കുന്നുണ്ട്.
എല്ലാ സൗകര്യങ്ങളോടെയും ഒരു അസംബ്ലി മണ്ഡലത്തില്‍ ഒരു സ്കൂള്‍ വീതം ഗവണ്മെന്റ് മേഖലയില്‍ തുടങ്ങണം.സിലബസ് കേരള സിലബസ് മതി.അ‍ഞ്ചു മുതല്‍ എട്ടുവരെ ക്ലാസ്സുകള്‍ ആദ്യം തുടങ്ങണം.ഒരു ഡിവിഷനില്‍ 30 കുട്ടികള്‍ എന്ന ക്രമത്തില്‍ രണ്ടു ഡിവിഷന്‍ വീതം ആരംഭിക്കണം.4, 5, 6, 7 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഒരു പ്രവേശന പരീക്ഷ നടത്തി അതില്‍ നിന്നും എറ്റവും സമര്‍ത്ഥരായ കുട്ടികളെ മാത്രം തെരഞ്ഞെടുക്കണം.
ഓരോ മണ്ഡലത്തിലേയും ഒരു സ്കൂള്‍ ഇതിനായി തെരഞ്ഞെടുക്കാം. അവിടെ നിലവിലുള്ള കുട്ടികളെ അവിടെത്തന്നെ തുടരാന്‍ അനുവദിക്കണം.ബാക്കിയുള്ള സീറ്റിലേക്കു മാത്രമേ പ്രവേശനം നടത്താവൂ. ക്രമേണ പ്രവേശനപരീക്ഷ വിജയിക്കുന്നവര്‍ക്കു മാത്രമുള്ള സ്കൂളാക്കി മാറ്റാം. 12 ാം ക്ലാസ്സു വരെയുള്ള സ്കൂളായിരിക്കണം.ഒരു സ്ഥലത്തുതന്നെ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന ഗവ.ഗേള്‍സ്, ബോയ്സ് സ്കൂളുകളില്‍ കുട്ടികള്‍ കൂറവുള്ള സ്ഖൂള്‍ ഇതിനായി തെരഞ്ഞെടുക്കാം.അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കുവാനും എളുപ്പമാണ്.
അവിടെ പഠിപ്പിക്കുന്ന അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് നിലവിലുള്ള സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഒരു ടെസ്റ്റം അഭിമുഖവും നടത്തണം. പഠിപ്പിക്കുവാനുള്ള കഴിവു മാത്രമായിരിക്കണം മാനദണ്ഡമായി സ്വീകരിക്കേണ്ടത്. സര്‍വീസ് വെയിറ്റേജു് നല്‍കാവുന്നതാണ്. പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അധിക ഇന്‍ക്രിമെന്റ് അനുവദിക്കുന്നത് മികച്ച അധ്യാപകരെ ലഭിക്കുവാന്‍ കൂടുതല്‍ സഹായിക്കും.ആ സ്കൂളില്‍ നിലനിന്ന, ടെസ്റ്റിലും അഭിമുഖത്തിലും വിജയിക്കാത്ത അധ്യാപകര്‍ക്ക് അവര്‍ക്ക് എറ്റവും സൗകര്യപ്രദമായ മറ്റ് സ്കൂളിലേക്ക് മാറ്റം നല്‍കാം.എല്ലാ ക്ലാസുകളും ഒറ്റ ഡിവിഷനില്‍ ഒതുങ്ങി കുട്ടികള്‍ വിരലിലെണ്ണാന്‍ മാത്രമായിക്കൊണ്ടരിക്കുന്ന ഗവണ്മെന്റ് മേഖലയിലുള്ള ഒരു സ്ഖൂളിനെ രക്ഷിക്കുന്നതോടൊപ്പം പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി അധ്യാപകജോലി ലഭിക്കാനുള്ള വരും തലമുറയുടെ സാധ്യതയും വര്‍ധിക്കും.

cmshskattanam June 6, 2014 at 11:59 PM  

VERY HELPFULL

cmshskattanam June 7, 2014 at 12:00 AM  

VERY HELPFULL

Unknown June 8, 2014 at 12:24 PM  

Exactly it's a helpful post for the parents who are eagerly sending their students to cbsc schools.But who is responsible for the mushrooming of cbsc schools in kerala? The state government itself.They are giving permission to cbsc
schools even in cowsheds.

Unknown June 8, 2014 at 12:29 PM  

Exactly it's a helpful post for the parents who are eagerly sending their students to cbsc schools.But who is responsible for the mushrooming of cbsc schools in kerala? The state government itself.They are giving permission to cbsc
schools even in cowsheds.

R. P. Georgekutty June 9, 2014 at 6:03 PM  

ശ്രീ. ടോണി പൂഞ്ഞാര്‍ വളരെ നന്നായി അവതരിപ്പിച്ചിക്കുന്നു. സത്യങ്ങള്‍ പറയുന്നവനുള്ള ശക്തി അതിനെ കൂടുതല്‍ നന്നാക്കുന്നുമുണ്ട്.
പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ അയക്കാത്തവര്‍ അതിനോടു ചെയ്യുന്ന ക്രൂരത അവിടെ കുട്ടികളെ അയച്ചില്ല എന്നതല്ല. തങ്ങള്‍ ചെയ്തതു ശരിയാണെന്ന് സ്വയം ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും വേണ്ടി പൊതുവിദ്യാലയങ്ങളെ ആക്രമിക്കാന്‍ കിട്ടുന്ന ഏത് ആയുധവും ഉപയോഗിച്ച് അതിനെ ആക്രമിക്കുന്നു എന്നതാണ്. അത് നാട്ടിലെ ചായക്കട മുതല്‍ ഫേസ്ബുക്കിലെ വരെ സംവാദങ്ങളിലൂടെ നടക്കുന്നു. അതിന് ആയുധമാക്കാന്‍ ഇവരുടെ ഇഷ്ടആയുധം അദ്ധ്യാപകരുടെ മക്കളുമാണ്. പൊതുവിദ്യാലയത്തില്‍ മാത്രമേ കുട്ടികളെ പഠിപ്പിക്കൂ എന്ന് നിശ്ചയിച്ച എത്രയോ അദ്ധ്യാപകരുണ്ടെന്നു
കാണാത്തതെന്തേ. സമൂഹത്തിന്റെ എല്ലാ മൂല്യച്യുതികളും സമൂഹത്തിന്റെ എല്ലാ പരിഛേദങ്ങളിലും സമാന അളവില്‍ കാണും. പുരോഹിതന്മാരിലെ മദ്യപാനശീലം എടുത്തുകാണിച്ച് മദ്യപാനശീലത്തെ ന്യായീകരിക്കുന്നതുപോലെയാണ് അത്.
അവലംബിക്കപ്പെടേണ്ടത് ആധികാരികമായെ കണക്കുകളേയും പഠനങ്ങളേയുമാണ്. അല്ലാതെ അദ്ധ്യാപകരുടെ മക്കള്‍ പഠിക്കുന്ന പാഠ്യപദ്ധതി ഏതെന്ന വാദത്തെ അല്ല.

ആധികാരികമായ പഠനങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചയാക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. പക്ഷേ മാധ്യമപ്രവര്‍ത്തകരും തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ തങ്ങളെടുത്ത തീരുമാനം ശരിയാണെന്ന് സമര്‍ത്ഥിക്കാനുള്ള വ്യഗ്രതമൂലമാണോ എന്നറിയില്ല, ഇത്തരം പഠനങ്ങളെ തമസ്കരിക്കുകയാണ്.

എന്തായാലും തലപ്പാവ് അഴിച്ച് ഒരു പ്രണാമം ശ്രീ. ടോണി പൂഞ്ഞാറിന്.

Unknown June 10, 2014 at 9:30 PM  



C B S E AND THE “IGNORANCE” OF KERALITES


People are least aware of the quality of education their children get from such schools. They pay high fees and they believe that the education imparted from these institution is also of high grade. They have been fascinated by the high infrastructure, conveyance facilities,attractive uniforms and the elite ambiance of the school. The school authorities deliberately cheat the parents by awarding high scores/grades to their children  in the class tests/unit tests. The parents dont  know that (even the academicians and the general public) CBSE curriculum begins only from 9th standard. Hiding the reality(misguiding the public) they advertise 'CBSE SYLLABUS' even for nursery classes. Actually they exploit the pseudo social status and the 'illiterate/ignorant education' of Keralites.
       
They try to elevate the grade and social acceptance of their schools by shooting up the tuition fees,entrance tests,closing the admission for the next academic year in the current year itself,creating an image through ads and media,boosting up their exam results in an unhealthy or even false manner etc which are appreciated by the upper middle class and high class people of Kerala !!
      
The children who are sent to these schools are the real victims of this unfair practices. If they had been sent to the neighbourhood general schools having 'desirable standard' they would have become more creative, more adaptable with social outlook. The 'so called authorities' need a generation without the qualities and skills mentioned here. That is why they render all moral and administrative supports to these schools which act as the light,water and manure for the mushrooming of such institutions across the state.
      
Mere speeches and orations can't resist this trend. Only solution is to educate and convince the public about the contemporary educational scenario and the challenges ahead.
But WHO WILL BELL THE CAT?

Unknown June 10, 2014 at 9:35 PM  
This comment has been removed by the author.
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer