HP, Canon LBP 2900B Printer ഇന്‍സ്റ്റലേഷന്‍

>> Monday, December 26, 2011


ഐടി പ്രാക്ടിക്കല്‍ പരീക്ഷ നടക്കുന്നതിനിടെ പതിവു പോലെ പ്രിന്റര്‍ ഇന്‍സ്റ്റലേഷന്‍ നടത്തുന്നതിനെക്കുറിച്ച് പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് പലരും സമീപിക്കുകയുണ്ടായി. പ്രധാനമായും HP, Canon പ്രിന്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിനെപ്പറ്റിയാണ് പലര്‍ക്കും അറിയേണ്ടത്. HPയുടെ എല്ലാ പ്രിന്ററുകളും കാനോണ്‍ LBP 29900B പ്രിന്ററും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിന്റെ രീതികള്‍ ചുവടെ കൊടുത്തിരിക്കുന്നു. ഹസൈനാര്‍ സാറാണ് ഇത്തവണയും സഹായത്തിനെത്തിയത്. 10.04 ല്‍ HP പ്രിന്ററുകള്‍ പലപ്പോഴും ഓട്ടോമാറ്റിക്കായി ഇന്‍സ്റ്റാള്‍ ആവാറുണ്ട്. എന്നാല്‍ ചില പ്രിന്ററുകള്‍ Pluggins ഇല്ല എന്ന മെസ്സേജ് കാണിച്ച് പ്രിന്റിംഗ് നടക്കാറില്ല. ഇതിന് പരിഹാരമായി താഴെയുള്ള ഡ്രൈവര്‍ ഉപയോഗിക്കാം.

HP പ്രിന്റര്‍ ഇന്‍സ്റ്റലേഷന്‍

1. ആദ്യം സിസ്റ്റത്തില്‍ പ്രിന്റര്‍ Add ആയിട്ടുണ്ടെങ്കില്‍ അതെല്ലാം ഡീലിറ്റ് ചെയ്യുക.
2. ഇനി Printer കണക്ട് ചെയ്യുക.
3. ഇവിടെ നിന്നും DRIVER ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുക.
(C the Download button on the top right corner of the new page)
4. Extract ചെയ്ത ഫോള്‍ഡറിലെ install എന്ന ഫയലില്‍ ഡബിള്‍ക്ക് ചെയ്ത് run in terminal ക്ലിക്ക് ചെയ്യുക.
( ഈ പാക്കേജ് കണ്ടെത്തി ഇന്റസ്റ്റലേഷന്‍ സ്ക്രിപ്റ്റ് തയ്യാറാക്കിയത് Malappuram IT@School Master Trainer ഹക്കീം മാഷ് ആണ്.)
5. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാവുമ്പോള്‍ പ്രിന്റര്‍ ഓട്ടോമാറ്റിക്ക് ആയി Add ആയിട്ടുണ്ടാവും.
6. ഇനി പ്രിന്റിംഗ് നടത്താം. പ്രിന്റിംഗ് നടക്കുന്നില്ലെങ്കില്‍ സിസ്റ്റം റീബൂട്ട് ചെയ്യുക.
റീബൂട്ട് ചെയ്തിട്ടും പ്രിന്റര്‍ ഓട്ടോമാറ്റിക്ക് ആയിപ്രിന്റ് ചെയ്യുന്നില്ലെങ്കില്‍ താഴെയുള്ള രീതിയില്‍ പ്രിന്റര്‍ configure ചെയ്യുക.
(പ്രിന്റര്‍ Add ആയിട്ടുണ്ടെങ്കില്‍ ഡീലിറ്റ് ചെയ്യുക.)
7. ശേഷം ടെര്‍മിനലില്‍ താഴെയുള്ള കമാന്റ് ടൈപ്പ് ചെയ്യുക.
sudo hp-setup
ശേഷം നിര്‍ദ്ദേശത്തിനനുസരിച്ച് മുന്നോട്ട് പോയി Printer Add ചെയ്യുക. Test page പ്രിന്റ് ചെയ്യണമെന്നില്ല.
8. സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.
HP യുടെ സ്കാനറുകളും ഇത് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
NB: ചില HP പ്രിന്ററുകള്‍ താഴെയുള്ള രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരാറുണ്ട്.
http://foo2xqx.rkkda.com/

Canon LBP 2900B Printer ഇന്‍സ്റ്റലേഷന്‍
Ubuntu 10.04 ല്‍ Canon LBP ലേസര്‍ പ്രിന്ററുകള്‍ cndrvcups-capt ഡ്രൈവറുപയോഗിച്ച് സാധാരണയായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കാറുണ്ട്. എന്നാല്‍ ആ മാര്‍ഗം ഉപയോഗിച്ച് LBP 2900B പ്രിന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഒരു പ്രാവശ്യം പ്രിന്റ് ചെയ്ത് പ്രിന്റര്‍ പണി മുടക്കുന്നതായി പലരും പറയുന്നു. സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്താല്‍ ഈ പ്രിന്റര്‍ പിന്നെ വര്‍ക്ക് ചെയ്യില്ല. പഠിച്ച പണി പതിനെട്ടവും പയറ്റിയാലും മാര്‍ഗമില്ല. ഇത്തരം ഒരു പ്രിന്റര്‍ ലഭിക്കുകയാണെങ്കില്‍ എന്താണ് കാരണം കണ്ടെത്താമായിരുന്നു എന്ന് മനസ്സില്‍ കുറെ ദിവസമായുള്ള ആഗ്രഹമായിരുന്നു. ഇന്ന് LBP 2900B യുമായി ഒരു അധ്യാപകന്‍ ഓഫീസില്‍ വന്നപ്പോള്‍ സന്തോഷമാണ് തോന്നിയത്. ഒന്ന് പരീക്ഷണം നടത്താലോ? ഇതിനിടയില്‍ ഹക്കീം മാഷും വന്നു. capt ഡ്രൈവറിന്റെ പല വേര്‍ഷനും ഞങ്ങള്‍ പരീക്ഷിച്ചു. അവസാനം cndrvcups-capt_2.00-2 ഡ്രൈവര്‍ ഉപയോഗിച്ച് ഈ പ്രിന്റര്‍ ഞങ്ങള്‍ വിജയകരമായി പ്രിന്റ് ചെയ്യിച്ചു. വീണ്ടും! വീണ്ടും! പല പ്രാവശ്യം റീസ്റ്റാര്‍ട്ട് ചെയ്ത് പ്രിന്റ് ചെയ്ത് നോക്കി.. പ്രിന്റര്‍ പണിമുടക്കിയില്ല !.. ഞങ്ങള്‍ ചെയ്ത മാര്‍ഗം താഴെ നല്‍കുന്നു.

1. സിസ്റ്റത്തില്‍ cups മായി ബന്ധപ്പെട്ട പാക്കേജുകള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ളവ അപ്‌ഡേറ്റ് ചെയ്തു.
2. സിനാപ്റ്റിക്കില്‍ നിന്ന് portreserve എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്തു.
(sudo apt-get install portreserve)
ഇവിടെ നിന്ന് hplip ന്റെ പുതിയ ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ( ഇത് ആവശ്യമില്ലെങ്കിലും അത് ചെയ്തിരുന്നു എന്നത് പ്രത്യേകം ഇവിടെ ഓര്‍ക്കുന്നു.)
ശേഷം താഴെയുള്ള സ്റ്റെപ്പുകള്‍ ഓരോന്നായി ചെയ്തു.
3. നിലവിലുള്ള cndrvcups-capt ഡ്രൈവര്‍ ഉണ്ടെങ്കില്‍ അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക..
4. System-Administration-Printing ല്‍ പോയി LBP പ്രിന്റര്‍ Add ആയിട്ടുണ്ടെങ്കില്‍ ഡീലിറ്റ് ചെയ്യുക.
5. പ്രിന്റര്‍ പവര്‍ഓഫ് ചെയ്യുക.
6. ഇവിടെ നിന്നും libstdc++5 ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക (C the Download button on the top right corner of the new page)
7. ശേഷം ഇവിടെ നിന്ന് Capt_driver_2.0 ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് താഴെ പറയുന്ന ക്രമത്തില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.(C the Download button on the top right corner of the new page)
cndrvcups-common_2.00-2_i386.deb
cndrvcups-capt_2.00-2_i386.deb
ഇനി താഴെയുള്ള കമാന്റ് ഓരോന്നായി റണ്‍ ചെയ്യുക, (കോപ്പി ചെയ്ത് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുക.)
sudo /etc/init.d/cups restart
sudo /usr/sbin/lpadmin -p LBP2900 -m CNCUPSLBP2900CAPTK.ppd -v ccp:/var/ccpd/fifo0 -E
sudo /usr/sbin/ccpdadmin -p LBP2900 -o /dev/usblp0
sudo /etc/init.d/ccpd start
(കമാന്റുകള്‍ ഇവിടെ നിന്ന് കോപ്പി ചെയ്ത് ടെക്സ്റ്റ് എഡിറ്ററില്‍ പേസ്റ്റ് ചെയ്യുക. ശേഷം അവിടെ നിന്ന് കോപ്പി ചെയ്യാം)
മൂന്നാമത്തെ കമാന്റ് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുമ്പോള്‍ OK എന്ന് ടെര്‍മിനലില്‍ തെളിയും. തെളിയണം. ഇത് വന്നില്ലെങ്കില്‍ System-Administration-Printing ല്‍ പോയി LBP പ്രിന്റര്‍ ഡീലിറ്റ് ചെയ്തതിന് ശേഷം സിസ്റ്റം റീസ്റ്റാര്‍‌ട്ട് ചെയ്യുക. ശേഷം മുകളില്‍ പറഞ്ഞ അവസാനത്തെ മൂന്ന് കമാന്റുകള്‍ മാത്രം ഓരോന്നായി വീണ്ടും ടെര്‍മിനലില്‍ റണ്‍ ചെയ്യണം.
ഇനി പ്രിന്റര്‍ പവര്‍ ഓണ്‍ ചെയ്ത് ഏതാണ്ട് 15 സെക്കന്റ് കാത്തിരിക്കുക.
LBP 2900 ready for printing എന്ന മെസ്സേജ് പാനലില്‍ തെളിയും.
8.ശേഷം താഴെയുള്ള കമാന്റ് റണ്‍ ചെയ്യുക.
sudo update-rc.d ccpd defaults 20

9.System-Administration-Printing തുറക്കുക. അവിടെ LBP യുടെ രണ്ട് പ്രിന്റര്‍ കാണാം. ഇതില്‍ LBP2900 Default ആയിട്ടില്ലെങ്കില്‍ Make default ആക്കുക. (മറ്റേതില്‍ Right Click ചെയ്ത് enable അണ്‍ ചെക്ക് ചെയ്യുക.)

10. ശേഷം ടൈപ്പ് ചെയ്ത് പ്രിന്റ് ചെയ്യാം. (Print test page വര്‍ക്ക് ചെയ്യണമെന്നില്ല.)

ഇനിയാണ് ശ്രദ്ധിക്കേണ്ടത്. സിസ്റ്റം ഓരോ പ്രാവശ്യം ഓഫ് ചെയ്യുന്നതിന് മുമ്പ് പ്രിന്റര്‍ ആദ്യം ഓഫ് ചെയ്യുക. സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്ത് login ചെയ്തത് എല്ലാ അപ്ലിക്കേഷനും പ്രവര്‍ത്തന സജ്ജമായതിന് ശേഷം മാത്രം പ്രിന്റര്‍ ഓണാക്കുക. ഇനി പ്രിന്റ് ചെയ്യാം.
പ്രിന്റര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ വെറൊരു കമാന്റും ആവശ്യമില്ല.
(എന്നാല്‍ LBP2900 പ്രിന്ററിന് സിസ്റ്റം ഓരോ പ്രാവശ്യവും റിസ്റ്റാര്‍ട്ട് ചെയ്താല്‍ മുകളിലെ അവസാനത്തെ കമാന്റ് - sudo /etc/init.d/ccpd start - ടെര്‍മിനലില്‍ റണ്‍ ചെയ്താലേ പ്രിന്റര്‍ പ്രവര്‍ത്തിക്കൂ.)
പിന്നീട് പ്രിന്റര്‍ ​എപ്പോഴെങ്കിലും ഓഫാക്കിയിട്ടുണ്ടെങ്കില്‍ സിസ്റ്റം റീബൂട്ട് ചെയ്ത് മുമ്പ് സൂചിപ്പിച്ച രീതിയില്‍ പ്രിന്റര്‍ ഓണ്‍ ചെയ്യുക. (LBP 2900B ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അല്പം ക്ഷമ നിര്‍ബന്ധമായും ആവശ്യമാണ് കേട്ടോ ? )

LBP സീരിസില്‍ പെട്ട മറ്റ് പ്രിന്ററുകള്‍ ഒറ്റ സ്ക്രിപ്റ്റ് ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം.
ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്ക്രിപ്റ്റും ഡ്രൈവറും ഇവിടെ ഉണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്യാനായി extract ചെയ്ത ഫോള്‍ഡറിലെ canonLBP_install.sh എന്ന ഫയലിന് Execute Permission നല്‍കുക. ഇനി പ്രസ്തുത ഫോള്‍ഡറില്‍ Right Click ചെയ്ത് Open in Terminal വഴി ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്ത് താഴെ പറയുന്ന കമാന്റ് ടൈപ്പ് ചെയ്യുക.
sudo ./canonLBP_install.sh PRINTER_MODEL

Ex: LBP3010 ആണെങ്കില്‍ കമാന്റ് ഇങ്ങനെയാണ് നല്‍‌കേണ്ടത്.
sudo ./canonLBP_install.sh LBP3010

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുമല്ലോ ?

അധ്യാപകരുടെ സംശയങ്ങള്‍ താഴെ പങ്കുവെക്കാം. അത് പരീക്ഷിച്ചു വിജയിച്ചിട്ടുള്ളവര്‍ മറുപടി നല്‍കുകയും വേണം.


Read More | തുടര്‍ന്നു വായിക്കുക

ലഹരിവസ്തുക്കളുടെ അമിത ഉപയോഗവും മനുഷ്യന്റെ ആരോഗ്യവും

>> Monday, December 19, 2011


ലഹരി വസ്തുക്കളുടെ ഉപയോഗം നമ്മുടെ സമൂഹത്തില്‍ കൂടിക്കൂടി വരികയാണ്. ഒരു അനുഗ്രഹം പോലെ നമുക്ക് ലഭിച്ച ഈ ഭൂമിയിലെ ജീവിതം മനുഷ്യരായിത്തന്നെ നശിപ്പിക്കാന്‍ യത്നിച്ചു കൊണ്ടിരിക്കുകയാണ്. ആദിമകാലം മുതലേ ഔഷധങ്ങള്‍ ആയോ വേദനസംഹാരികള്‍ ആയോ മതാചാരങ്ങളുടെ ഭാഗമായോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വന്നിരുന്നു. സസ്യങ്ങളുടെ ഇല, തണ്ട്, പൂവ്, കായ്‌, കറ ഇവയെല്ലാം ലഹരി വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ഉപയോഗം കൂടുതല്‍ വിപുലമായതോടെ സുഖാനുഭൂതികള്‍ക്കു കൂടി അവ ഉപയോഗിക്കാന്‍ തുടങ്ങി. ആദ്യം ആകര്‍ഷിക്കുകയും അവസാനം ഉപയോഗിക്കുന്ന ആളിനെ അടിമയാക്കി നാശത്തിലെത്തിക്കുകയും ചെയ്യുന്നു. ആനന്ദ നിര്‍വൃതിയില്‍ ആകുന്ന മനുഷ്യന്‍ അറിയുന്നില്ല സാവകാശം ലഹരിക്കടിമയാകുകയും കരള്‍, കിഡ്നി, പാന്‍ക്രിയാസ്, തുടങ്ങിയവ രോഗഗ്രസ്തമാവുകയും ചെയ്യും എന്നും ഉള്ളത്. ഇതിനേക്കുറിച്ച് വ്യക്തമായ ബോധവല്‍ക്കരണം നമ്മുടെ സമൂഹത്തില്‍ നടക്കേണ്ടതുണ്ട്. ലഹരി വസ്തുക്കള്‍ ശരീരത്തെ കാര്‍ന്നു തിന്നുന്നതെങ്ങിനെയെന്നതിനെക്കറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ നാം മുന്നിട്ടിറങ്ങണം. ഈ ലക്ഷ്യത്തോടെ നവി മുംബൈയില്‍ ജോലി ചെയ്യുന്ന മങ്കൊമ്പ് നിവാസിയും ബ്ലോഗറുമായ ബോബന്‍ ജോസഫ് മാത്‌സ് ബ്ലോഗിന് അയച്ചു തന്ന ലേഖനത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. ലേഖനം വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കണേ.

6000 - 4000 BC യില്‍ കരിങ്കടല്‍ / കാസ്പിയന്‍ കടല്‍ തീര പ്രദേശങ്ങളിലും, 4000 BC യില്‍ ഈജിപ്തിലും, 800 BC യില്‍ ചൈനയിലും ഇന്ത്യയിലും അങ്ങിനെ ലോകത്തിന്റെ പല സ്ഥലങ്ങളിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി archaeological തെളിവുകള്‍ ഉണ്ട്. ലഹരി വസ്തുകള്‍ മനുഷ്യന്റെ ഗുണത്തിനുപയോഗിച്ചാല്‍ അത് നല്ലതും അത് ദുരുപയോഗം ചെയ്താല്‍ നാശവും ആണ് ഫലം. വളരെ കാലം ലഹരി വസ്തുക്കളുടെ ഉപയോഗം മാറ്റമില്ലാതെ തുടര്‍ന്നു.

മരുന്നിനുപയോഗിക്കുന്നതോ രോഗങ്ങള്‍ക്കെതിരായി ഉപയോഗിക്കുന്നതോ ആയ വസ്തുക്കളെ drugs എന്ന് പൊതുവേ പറയാറുണ്ടെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശം ഇല്ലാതെ ഉപയോഗിക്കുമ്പോള്‍ അത് ദുരുപയോഗം (abuse) എന്ന് പറയുന്നു. മാത്രമല്ല അത് ശരീരത്തിനുണ്ടാക്കുന്ന ദോഷം ചെറുതായിരിക്കില്ല. കറുപ്പും അതിന്റെ ഉല്പന്നങ്ങളും ഇന്നും മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. മറ്റുള്ള CNS , കൊക്കൈന്‍, അമ്ഭിറ്റമിന്‍ തുടങ്ങിയ ഉത്തേജക വസ്തുക്കള്‍, അരയില്‍ സൈക്ലോ ഹെക്സൈല്‍ അമീനുകള്‍ (aryl cyclo hexile amines ), ഹലുസിനോജനുകള്‍, നൈട്രസ് ഓക്സൈഡ്, മീതൈല്‍ ഈതര്‍ , കഞ്ചാവും കഞ്ചാവുല്പന്നങ്ങളും, തുടങ്ങിയ പലതും drugs ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നെങ്കിലും അവക്കൊക്കെ നിയമത്തിന്റെ അതിര്‍ത്തികള്‍ ഉണ്ട്. അത് മറികടന്നു ലഹരിക്കുവേണ്ടി ഉപയോഗിക്കുമ്പോള്‍ അത് ദുരുപയോഗം ആകുന്നു. ഇതിന്റെ ലഭ്യത കുറവായതിനാലും നിയമതിനെതിരായതിനാലും ലഹരിക്ക്‌ വേണ്ടി ഉപയോഗിക്കുന്നത് രഹസ്യത്തിലാനെന്നു മാത്രം.

പൊതുവേ Psychoactive Drug ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നു. പുകയില, നിക്കോട്ടിന്‍, മദ്യം ഇവയാണ് ലഹരിക്കുവേണ്ടി കൂടുതല്‍ ഉപയോഗിക്കുന്നത്. ഇവയ്ക് നിയമത്തിന്റെ ഊരാകുടുക്കില്ലതാതാണ് ഇതിനു കാരണം. ഇതിലും മദ്യം (alcohol) ആണ് കൂടുതല്‍ ജനകീയം. അതുകൊണ്ട് മദ്യത്തെ കുറിച്ച് അല്പം കാര്യങ്ങള്‍ ചിന്തിക്കാം.

മദ്യം (alcohol)

പല തരം ലഹരി വസ്തുക്കള്‍ ഉണ്ടെങ്കിലും ഇന്ന് ലോകത്തില്‍ ഏകദേശം 45 % ജനങ്ങള്‍ ഉപയോഗിക്കുന്നത് മദ്യം (alcohol ) എന്ന ലഹരിവസ്തുക്കള്‍ ആണ്. ആദിമ കാലം മുതലേ ഈ ദുശീലം മനുഷ്യരില്‍ നിലനിന്നിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്. അനുകൂലമായ സാമൂഹ്യ സാഹചര്യങ്ങള്‍ മദ്യം ഉപയോഗിക്കാന്‍ ഒരുവനെ സഹായിക്കുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് ഇവയുടെ ലഭ്യത, സമൂഹത്തില്‍ അന്തസ്സിന്റെയോ ആഭിജാത്യതിന്റെയോ ഭാഗമായും ഇവ നില നില്കുന്നു. എന്തൊക്കെയാണെങ്കിലും ദൂഷ്യഫലങ്ങളില്‍ ശീലം, ആസക്തി, സഹനശേഷി, അടിമത്തം ഇവ മറ്റു ലഹരികളെ പോലെ തന്നെ ഭീകരമായ എല്ലാ ദോഷവശങ്ങളും മദ്യത്തിനും ഉണ്ട്.

മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ കൂടുതല്‍ പറയുന്നത് അവരുടെ ജീവിതത്തിലെ കദന കഥകള്‍ അല്ലെങ്കില്‍ ദുഖ സാഹചര്യങ്ങളെ കുറിച്ചായിരിക്കും. അവയ്കൊരു തല്‍കാല ശമനത്തിനെന്ന വ്യാജേനയായിരിക്കും ആദ്യമൊക്കെ അവ ഉപയോഗിച്ച് തുടങ്ങുക. അല്ലെങ്കില്‍ ഒരു രസത്തിനോ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ ആവാം.

ഈ ദുഖ സാഹചര്യങ്ങളെ തലച്ചോര്‍ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നും അവ നോര്‍മല്‍ ആകുന്നതെങ്ങിനെയെന്നും നോക്കാം. സാധാരണ ഗതിയില്‍ സംഘര്‍ഷ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഘര്‍ഷം ഉണ്ടാകുകയും ആ സാഹചര്യം വിടുമ്പോള്‍ നോര്‍മല്‍ ആകുകയും ചെയ്യുന്നു എന്നാണല്ലോ നാം ചിന്തിക്കുന്നത്. എന്നാല്‍ സത്യത്തില്‍ അല്പം ശാസ്ത്രീയമായി പറഞ്ഞാല്‍ ന്യൂറോണുകളാണ് ഇതില്‍ പ്രധാന പങ്കു വഹിക്കുന്നത്. സ്‌ട്രെസ് സാഹചര്യം ഉണ്ടാകുമ്പോള്‍ അതൊരു സ്‌ട്രെസ് സൈക്കിള്‍ ആണെന്ന് പറയാം. എന്താണീ സ്‌ട്രെസ് സൈക്കിള്‍?

സ്‌ട്രെസ് സൈക്കിള്‍

സ്‌ട്രെസ് സാഹചര്യമുണ്ടാകുമ്പോള്‍ അതിനെ നേരിടാന്‍ തലചോറിലെ ലിംബിക് സിസ്റ്റം പ്രവര്‍ത്തനനിരതമാകുന്നു. സെറിബ്രല്‍ കോര്റെക്സില്‍ നിന്നും സ്‌ട്രെസ് നേരിടാനുള്ള സന്ദേശം ഹൈപോതലമാസിലെക്കെതിക്കുന്നു. ഇവയെ അവിടെ എത്തിക്കുന്നത് ടോപമിന്‍ എന്ന neurotransmitter ആണ്. അപ്പോള്‍ അവിടെ നിന്നും CRF (Corticotropin Releasing Factor) എന്ന രാസവസ്തു ഉണ്ടാകുന്നു. ഇത് രക്തവുമായി കലര്‍ന് തലച്ചോറിലെ pituitary ഗ്രന്ഥിയില്‍ എത്തുന്നു. ഇവ pituitary ഗ്രന്ഥിയില്‍ എത്തുമ്പോള്‍ അവിടെ ACTH (Adrenal copco tropic hormone) എന്നൊരു ഹോര്‍മോണ്‍ ഉണ്ടാകുന്നു. അവിടെ നിന്നും സിസ്റ്റത്തിന്റെ നിര്‍ദേശാനുസരണം CRF , ACTH ഇവ രക്തത്തില്‍ ലയിച്ചു വീണ്ടും കിട്നിയുടെ മുകളിലുള്ള adrenal ഗ്രന്ഥിയില്‍ എത്തുകയും, അവിടെ adrenaline , adrenocortico steroid മുതലായ ഹോര്‍മോണുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇപ്പോള്‍ ഇവിടെ നാല് തരം ഹോര്‍മോണുകള്‍ ഉണ്ടായിരിക്കുന്നു. ഇവ രക്തത്തില്‍ കലരുന്നു. ഇവയുടെയെല്ലാം ഫലമായി സ്ട്രെസ്സിനെ നേരിടാന്‍ ശരീരത്തിന് ശക്തി കിട്ടുന്നു. വീണ്ടും കോര്റെക്സില്‍ നിന്നും പിരി മുറുക്കം നേരിടാനുള്ള സന്ദേശം നില്‍കുമ്പോള്‍. ഹൈപോതലമാസ്സിന്റെയും pituitary യുടെയും പ്രവര്‍ത്തനം നില്കുന്നു. തന്മൂലം CRF , ACTH ഉത്പാദനം നില്കുന്നു. മനസ് നോര്‍മല്‍ ആകുന്നു. ഇതാണ് സ്‌ട്രെസ് സൈക്കിള്‍.

എന്നാല്‍ സ്‌ട്രെസ് സാഹചര്യം ആവര്‍ത്തിച്ചുണ്ടാകുമ്പോള്‍ ന്യുറോണുകള്‍ക്ക് (ഞരമ്പുകള്‍) ശക്തി കുറയുന്നു. ശരീരവും മനസും ക്ഷീണിക്കുന്നു. ഈ സാഹചര്യത്തില്‍ ലഹരികളെ ആശ്രയിച്ചാല്‍ അവനു കൂടുതല്‍ സുഖം തോന്നും (ശരീരത്തെ നശിപ്പിക്കുകയാണെന്ന് ആരറിയുന്നു?). CRF , ACTH ഇവയുടെ ഉത്പാദനം കുറയുന്നത് കൊണ്ടാണത്. ലിംബിക് സിസ്റെതില്‍ ലഹരി പ്രവര്‍ത്തികുമ്പോള്‍ CRF , ACTH ഇവയുടെ ഉത്പാദനം കുറയുന്നു. ടോപമിന്‍ (dopamine) കൂടി ലഹരിയുടെ കൂടെ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ സുഖം തോന്നുന്നു. ആ സുഖം മനുഷ്യന് രസമായി തോന്നുന്നു. (പക്ഷെ ഇതിന്റെ ഗുരുതരഭവിഷ്യത്തുകളെപ്പറ്റിപ്പോലും ആ നിമിഷം ഓര്‍ക്കണമെന്നില്ല.) ഇതാണ് ലഹരി വസ്തുക്കളോട് നമ്മുടെ തലച്ചോറിനുള്ള പ്രവര്‍ത്തനം.

ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍

ലഹരിക്ക്‌ ആദ്യം പറഞ്ഞത് പോലെ ശീലം, ആസക്തി, സഹനശേഷി (tolerance ), അടിമത്തം (dependence or addiction ) ഇങ്ങിനെ പല ഘട്ടങ്ങള്‍ ഉണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ശീലമായി മാറുന്നു. അത് ക്രമേണ ആസക്തിയിലേക്കും അടിമത്തത്തിലേക്കും നീങ്ങുന്നു. ഉദാ: എന്നും ഒരു പെഗ് എടുക്കുന്ന ഒരാള്‍ ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ ഒന്നര അല്ലെങ്കില്‍ രണ്ടു പെഗ് ആക്കുന്നു. അങ്ങിനെ സ്ഥിരം കഴിക്കുന്നവന്‍ അളവ് കൂട്ടി കൊണ്ട് വരും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അവനു വലിയ "കപാസിറ്റി" ആകുന്നു എന്ന് പറയും. സത്യത്തില്‍ അവനോ കൂടുകരോ അറിയുന്നില്ല അവന്‍ സഹനശേഷി എന്ന ലെവലിലേക്ക് ആണ് പോകുന്നത് എന്ന്. അടുത്ത ലെവല്‍ അടിമത്തം ആണ്. ടോളറെന്‍സിനു രണ്ടു തലങ്ങള്‍ ഉണ്ട് കരളിന്റെ ഉപചയം കൂടുന്നത് കൊണ്ട് ലഹരി കൂട്ടാനുള്ള പ്രേരണ തലച്ചോറില്‍ നിന്നുണ്ടാകുന്നു. എത്ര കഴിച്ചാലും പ്രശ്നമില്ല എന്ന് തോന്നും. ഇതിനെ pharmaco kainatic tolerance എന്ന് പറയുന്നു. ഇത് പോലെ തന്നെ തലച്ചോറും ഒരു ടോളറന്‍സ് തരുന്നത് pharmaco dynamic tolerance എന്ന് പറയും. ചിലര്‍ ഒരു കുപ്പിയൊക്കെ ഒറ്റയടിക്ക് തീര്‍ക്കുന്നത് കാണാം. ഇത്തരക്കാര്‍ ഈ രണ്ടാമത് പറഞ്ഞ tolerance ഉള്ളവരാണ്. പക്ഷെ ശരീരത്തിന്റെ പോലെ തലച്ചോറിനു ഇത്ര മാത്രം ലഹരി പിടിച്ചു നിര്‍ത്താനുള്ള കഴിവില്ല. ഒരു പരിധിക്കു അപ്പുരമെത്തിയാല്‍ മരണം നിശ്ചയമാണ്. ആ ലെവലിനെ മരകമാത്ര (lethal level ) എന്ന് പറയും. ഇങ്ങിനെ അകാല മൃത്യു അടയുന്ന എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍കു സ്ഥലകാല ബോധങ്ങള്‍ ഇല്ലാതാകുന്നു. വെപ്രാളം, വിശപ്പ്‌, വിയര്‍പ്, വ്യാകുലത, തലവേദന, തലയ്ക്കു മന്ദത, ശര്ദി, ശരീരം കൊച്ചിവളിക്കള്‍, അമിത രക്ത സമ്മര്‍ദം അങ്ങിനെ പല ശാരീരിക വിഷമതകള്‍ ഉണ്ടാകുന്നതിനു പുറമേ, മദ്യപന് ആഹാരം വേണ്ടുവോളം എടുത്തില്ലെങ്കില്‍ അവന്‍ ശരിക്കും അനാരോഗ്യവനാകുന്നു. രോഗ പ്രതിരോധ ശക്തി കുറയുന്നതുകൊണ്ട് പല പല രോഗങ്ങള്‍ പ്രത്യേകിച്ച് ലൈംഗിക രോഗങ്ങള്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 24 മണിക്കൂറിനുള്ളില്‍ withdrawal ‍ലക്ഷണങ്ങള്‍ കാണിക്കും. പെട്ടെന്ന് നിര്‍ത്തിയാല്‍ ഉണ്ടാകുന്ന withdrawal ലക്ഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കുറേശെ നിര്‍ത്തുക.

മുകളില്‍ പറഞ്ഞതില്‍ ചിലവയും മൂഡ്‌ ദിസോര്ടെര്‍, വിറയല്‍ പോലുള്ള രോഗങ്ങളും withdrawal symptoms ആയി പ്രത്യക്ഷപെടാം. ഒരാഴ്ച ക്ഷമിച്ചിരുന്നാല്‍ ഇവയോകെ അപ്രത്യക്ഷമാകും. ചിലര്‍ക് വളരെ കാലത്തെ ഉപയോഗത്താല്‍ വിറയല്‍ മരാരോഗമായി മാറുന്നു.

ലഹരി വസ്തുക്കളും ഗര്‍ഭസ്ഥ ശിശുവും

ലഹരി ഉപയോഗിക്കുന്ന ഗര്‍ഭിണികളുടെ ശിശുക്കല്കും പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ ധാരാളം സ്വീകരിണികള്‍ (receptors - നാഡികള്‍ക്കിടയിലെ രാസപധാരധങ്ങള്‍ വഴി സന്ദേശം കൈമാറുന്ന joint ) വളരെ കൂടുതലാണ്. അതിനാല്‍ ലഹരിയുടെ പ്രത്യാഘാതങ്ങള്‍ വളരെ കൂടുതല്‍ ആണ്. ജനിച്ചയുടന്‍ ചില കുട്ടികള്‍ വളരെ വെപ്രാളവും പരവേശവും മറ്റും കാട്ടാറുണ്ട്‌. അങ്ങിനെ ഡോക്ടരമാരടക്കം പലരെയും ഭയപ്പെടുത്തുന്നു. നമ്മുടെ നാട്ടില്‍ ചില മനുഷ്യര്‍ക്ക് ഒരു ധാരണയുണ്ട്. അല്പം മദ്യം ഗര്‍ഭിണികള്‍ക്ക് നല്ലതാണെന്ന്. അതുകൊണ്ട് തന്നെ അല്പം ബ്രാണ്ടി ചിലര്‍ കൊടുക്കുന്നു. ഇത് മൂലം മുകളില്‍ പറഞ്ഞ ഗുരുതരപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതല്ലാതെ പ്രത്യേകിച്ചു ഗുണമൊന്നും കിട്ടില്ല. ഇത്തരം കുഞ്ഞുങ്ങള്‍ക് ജനിതക, മസ്തിഷ്ക തകരാറുകള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌.

ലഹരിവസ്തുകളും മനുഷ്യ മസ്തിഷ്കവും സുഖാനുഭൂതിയും

സഹസ്രാബ്ദങ്ങളുടെ പരിണാമത്തിലൂടെ തലച്ചോറിന്റെ ceribral cortex എന്ന ഭാഗത്തുണ്ടായ വികാസം സസ്തനങ്ങളില്‍ മാത്രം ഉള്ള ഒരു പ്രത്യേകതയാണ്. മനുഷ്യരില്‍ വരുമ്പോള്‍ ഈ ഭാഗം കുറെ കൂടി വികസിച്ചിരിക്കുന്നു. അതിനു കാരണം അവന്റെ സാമൂഹ്യ ജീവിതം തന്നെ. ഇത് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കി. അവനു കൂടുതല്‍ ന്യുറോണുകള്‍ ഉണ്ടായി. മനുഷ്യന്റെ തലച്ചോറിലെ കേന്ദ്ര നാഡീവ്യൂഹതിലെ ന്യൂറോണുകള്‍ക്ക് കൂടുതല്‍ സംപ്രേഷണം (neurotransmission) ഉണ്ടായി. അവന്റെ ബുദ്ധി വികസിക്കാന്‍ തുടങ്ങി. അവന്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി. അവന്‍ കൂടുതല്‍ അനുഭൂതികള്‍ തേടി അലഞ്ഞു. അങ്ങിനെ ഒരിക്കല്‍ അവന്‍ ലഹരിയുടെ സുഖം അറിഞ്ഞു. അന്ന് മുതല്‍ ഇന്നുവരെ ഈ ശീലം മനുഷ്യനില്‍ തുടര്‍ന് കൊണ്ടേയിരിക്കുന്നു. ഇന്ന് കേരളത്തിലെ മദ്യത്തിന്റെ ഉപയോഗം ഇന്ത്യയിലെ ഒന്നാം സ്ഥാനത്തിലേക്ക് മാറുന്നു. അതും തൃശൂര്‍ ജില്ല ഒന്നാം സ്ഥാനതാണെന്ന് പറയാം. ആദ്യമൊക്കെ വെറും അനുഭൂതിക്ക് വേണ്ടി തുടങ്ങുന്ന ഈ ശീലം അടിമതതിലേക്ക് (dependence) നീങ്ങുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്ന സ്ഥിരം മദ്യപാനികളായ എത്രയോ ഭര്‍ത്താക്കന്മാര്‍ ഇന്ന് നമ്മുടെ കേരളത്തിലുണ്ട്. വരുമാനം ഒന്നും ഇല്ലെങ്കിലും വീട് സാധനങ്ങള്‍ വിറ്റു അതില്‍ നിന്ന് മദ്യം വാങ്ങി കഴിക്കുന്നവര്‍. ലഹരിക്ക്‌ വേണ്ടി ഇങ്ങനെ എന്തും ചെയ്യുന്നവര്‍. ഇങ്ങിനെ എത്രയൊക്കെ സംഭവങ്ങള്‍ നടക്കുന്നു. എന്തുകൊണ്ടാണിങ്ങനെ മനുഷ്യന്‍ അധഃപതിക്കുന്നത്. പ്രധാനമായും അടിമത്തം അല്ലെങ്കില്‍ dependence എന്ന ഒരു ലെവല്‍ എത്തുമ്പോഴാണിത് തുടങ്ങുന്നത്. ഇതിനെ പറ്റി അല്പം ചിന്തിച്ചാല്‍ നമ്മുടെ തലച്ചോറിനെയും ഇതുമായി ബന്ധപെട്ട അതിന്റെ പ്രവര്‍ത്തനത്തെയും കൂടി അല്പം അറിഞ്ഞിരിക്കുന്നത്. നന്നായിരിക്കും.

തലച്ചോറിന്റെ പ്രവര്‍ത്തനം മൊത്തത്തില്‍ ഒരു വലിയ സൂപ്പര്‍ കമ്പ്യുട്ടറിനോട് ഉപമിക്കാം. തലച്ചോറിനു ധാരാളം ഭാഗങ്ങളും കോടിക്കണക്കിനു ന്യുറോണുകളും ഉണ്ട്. തലച്ചോറിനു ധാരാളം ഭാഗങ്ങള്‍ ഉണ്ടെങ്കിലും, മനസ്സിന്റെ പ്രവര്‍ത്തനവുമായി ബന്ധപെടുതിയുള്ള ഭാഗം നോക്കുമ്പോള്‍ തലച്ചോറില്‍ പ്രധാനമായും നാല് നാഡീ കേന്ദ്രങ്ങള്‍ ആണുള്ളത്. കോര്റെക്സ്, ഹൈപോതലാമസ്, ലിംബിക് സിസ്റ്റം, ബ്രെയിന്‍ സ്ടേം. ഏറ്റവും മുകളില്‍ ഉള്ളത് കോര്റെക്സ്, ലിംബിക് സിസ്റ്റത്തിന് താഴെയാണ് ബ്രെയിന്‍ സ്ടേം, ബ്രെയിന്‍ സ്റെമിനെയും കോര്റെക്സിനെയും ബന്ധിപ്പിക്കുന്നത് ലിംബിക് സിസ്റെമാണ് രണ്ടിന്റെയും നടുക്ക് കാണുന്ന ചെറിയ ഭാഗമാണ് ഹൈപോതലാമസ്. ശ്വസോച്ചാസം, ഹൃദയമിടിപ്പ്‌, ആഹാരം, ഉറക്കം, ഇവ നിയന്ത്രിക്കുന്നത്‌ കോര്റെക്സ് ആണ്. ഈ ഭാഗമാണ് തലച്ചോറിന്റെ ഭൂരിഭാഗവും, ഇവിടെ sensory കോര്റെക്സ്, motor active കോര്റെക്സ്, auditory കോര്റെക്സ് അങ്ങിനെ പല ഭാഗങ്ങളും ഉണ്ട്. ചലനം, കാഴ്ച, കേള്‍വി ഇവയൊക്കെ ഇവിടെ നിയന്ത്രിക്കപ്ടുന്നു. ഇതിനു താഴെ ലിംബിക് സിസ്റെമാണ് അമിഗ്ടല, ഹിപോകംബാസ് എനീ ഭാഗങ്ങള്‍ ഉണ്ടിവിടെ. വികാരങ്ങള്‍ ‍ ഓര്മ എന്നിവ ഇവിടെ നിയന്ത്രിക്കപെടുന്നു. ഇതിനു താഴെ ബ്രെയിന്‍ സ്ടെം. ഇതിനു midbrain , pons , medulla എനീ ഉപവിഭാഗം ഉണ്ട്. ഇവിടെ ശ്രദ്ധ ബോധം തലച്ചോറിലേക്ക് വിവരങ്ങള്‍ എത്തിക്കുക ഇവയൊക്കെ ഇവിടെ നിര്‍വഹിക്കപെടുന്നു. ഹൈപോതലാമസ് എന്ന ഭാഗം ഉറക്കം, ദാഹം ഇങ്ങിനെയുല്ലവയെ പ്രധാനമായും നിയന്ത്രിക്കുന്നു.

സുഖാനുഭൂതി

സുഖം എന്ന അനുഭൂതി ആണ് ഏതു മനുഷ്യന്റെയും നിലനില്പിന് തന്നെ കാരണം. ശാരീരികവും മാനസികവുമായ സാസ്ത്യമാണ് സുഖം എന്നതുകൊണ്ട്‌ ഉദ്യേശിക്കുന്നത്. തലച്ചോറിലെ ലിംബിക് സിസ്റെവും ടോപമിന്‍ എന്ന രാസവസ്തുവിനെറെയും പ്രവര്‍ത്തനഫലമാണ് സുഖാനുഭൂതിയുടെ അടിസ്ഥാനം. മുകളില്‍ വിവരിച്ച സ്‌ട്രെസ് സൈക്കിള്‍ എന്ന അവസ്ഥയില്‍ നിന്ന് രക്ഷ പെടാന്‍ മനുഷ്യന്‍ ലഹരി ഉപയോഗിക്കുകയും. ലഹരി ഉള്ളില്‍ ചെന്നാല്‍ ടോപമിന്‍ എന്ന രാസവസ്തു ലിംബിക് സിസ്റെതില്‍ ഉണ്ടാകുകയും ചെയ്യുന്നു. അത് കോര്റെക്സില്‍ എത്തുമ്പോള്‍ സുഖമായി എന്ന വികാരം ഉണ്ടാകുകയും അത് അനുഭവപ്പെടുകയും ചെയ്യുന്നു. പുറമേ എത്ര വലിയ പ്രശ്നങ്ങള്‍ നടക്കുന്നു എങ്കിലും കൊര്റെക്സില്‍ ലഹരിയുടെ സന്ദേശം എത്തിയാല്‍ സുഖം, പരമാനന്ദം എന്ന അനുഭവം തന്നെ ഫലം. ഈ അനുഭവം ആവര്‍ത്തിക്കാന്‍ തലച്ചോര്‍ ആവശ്യപെടുന്നു. തലച്ചോര്‍ നശിക്കാന്‍ തുടങ്ങുന്നുവെന്ന് അര്‍ത്ഥം.

വിമോചന മാര്‍ഗങ്ങള്‍

ഈ ഒരു ഊരാക്കുടുക്കില്‍ നിന്നും രക്ഷ പെടണമെന്ന് വളരെ പേര്‍ ആഗ്രഹിക്കുന്നുണ്ടാകും. ചിലര്‍ക്ക് സാധിക്കുന്നു. ചിലര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കത്തവരാകുമ്പോള്‍ മദ്യപാനം നിര്‍ത്തനാകുകയില്ല. തുടരുന്നു. സമൂഹവും വ്യക്തിയും ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ആര്‍ക്കും രക്ഷപ്പെടാന്‍ പറ്റും. alcoholic anonymous , narcotic anonimous മുതലായ സന്നദ്ധ സംഘടനകള്‍ വഴിയും ആര്‍കും രക്ഷ പെടാന്‍ പറ്റും. ചുരുക്കത്തില്‍ ലഹരികളില്‍ നിന്നും മോചനം വേണമെന്നുള്ള മനസ്സിന്റെ ആത്മാര്‍ത്ഥമായ ആഗ്രഹമാണ് ആദ്യം വേണ്ടത്. അതില്ലാതെ പ്രാര്‍ഥനയോ ധ്യാനമോ കൊണ്ടു മാത്രം ഒന്നും ഫലിക്കില്ല. ചിലര്‍ മറ്റുള്ളവര്‍ക് മുന്നില്‍ കൂടുതല്‍ വിധേയത്തം പുലര്‍ത്തുന്നു. ഒരു പെഗ്ഗ് ഓഫര്‍ ചെയ്താല്‍ 'നോ' എന്ന് പറയാനുള്ള ആര്‍ജ്ജവമാണ് നമുക്ക് ഉണ്ടാകേണ്ടത്. അടിമയായ ഒരുവന്‍ ചികിത്സക്ക് പോയാല്‍ ആ ചികിത്സയും BP , പ്രമേഹ ചികിത്സ പോലെ ജീവിതകാലം മുഴുവന്‍ നീണ്ടു നില്കും.

നിയമത്തിന്റെ വഴി

പല രാജ്യങ്ങല്കും ലഹരിയുടെ നിയമാവലി വ്യതസ്തമാനെകിലും ലോകതാദ്യമുണ്ടായതും ലോകാരോഗ്യ സങ്കടന കൈകാര്യം ചെയ്യുന്നതിനും പ്രാധാന്യമേരുന്നു.എന്നാല്‍ AD 1800 ഓടുകൂടി അമേരിക്കയില്‍ ഉണ്ടായ സാമൂഹ്യ ദുരന്തത്തോടെ അമേരിക്കന്‍ ജനതയാണ് ഇതിന്റെ ദുരവസ്ഥ ആദ്യമായി മനസിലാക്കിയത്. 1906 ഓടുകൂടി ഒരു Drug Act (Pure Drug Act 1906) ലോകാരോഗ്യ സംഘടന ഇറക്കിയതോടെ പല രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. പക്ഷെ പ്രതീക്ഷിച്ച അത്ര വിജയകരം ആയില്ല. പിന്നെ 1988 വര്‍ഷത്തില്‍ 106 അംഗരാജ്യങ്ങള്‍ അംഗീകരിച്ച NDPS Act (Narcotic Drugs and Psychotropic Substances Act, 1988) WHO ഇറക്കിയതോടുകൂടി ഇത് കുറച്ചുകൂടി ശക്തി പ്രാപിച്ചു. നമ്മുടെ രാജ്യത്തും ഇത് നടപ്പിലുണ്ട്.

നമ്മുടെ സമൂഹം നന്നാകണമെങ്കില്‍ വ്യക്തികള്‍ തന്നെ പരിശ്രമിക്കണം. അവന്‍ അങ്ങിനെ ഇവന്‍ ഇങ്ങിനെ എന്ന് ചിന്തിക്കുന്നതിനു മുമ്പ് ഞാന്‍ ശരിയാണോ എന്ന് ചിന്തിച്ചാല്‍ നാമെന്ന സമൂഹത്തിന്റെ ഭാഗം നന്നാകുകകയും ക്രമേണ സമൂഹവും നന്നാകും. ഒരു മദ്യ വിമുക്ത ലഹരി വിമുക്ത നാടിനു വേണ്ടി, ജനങ്ങളെ ബോധവാന്മാരാക്കാന്‍ നമ്മളാല്‍ ആകുന്ന വിധം പരിശ്രമിക്കാം.


Read More | തുടര്‍ന്നു വായിക്കുക

ബഹുപദങ്ങളില്‍ നിന്നും പരിശീലന ചോദ്യങ്ങള്‍

>> Monday, December 12, 2011


പത്താംക്ലാസിലെ ബഹുപദങ്ങളില്‍ നിന്നുള്ള പരിശീലന ചോദ്യങ്ങളാണ് ഇന്നത്തെ പോസ്റ്റ് . ബഹുപദത്തെ ദ്വിപദം കൊണ്ടുള്ള ഹരണക്രിയയിലൂടെ ശിഷ്ടം കാണുന്നത്, ഗുണോത്തരങ്ങള്‍ തുലനം ചെയ്തുകൊണ്ട് ശിഷ്ടം കാണുന്നത്, ശിഷ്ടസിദ്ധാന്തവും പ്രയോഗവും , ഘടകസിദ്ധാന്തം , അതിന്റെ വിവിധ സാഹചര്യങ്ങളിലുള്ള പ്രയോഗം , ഘടകമാണോ എന്ന പരിശോധന, ഘടകമാണെന്ന് തന്നിരുന്നാല്‍ ചില ഗുണോത്തരങ്ങള്‍ കണ്ടെത്തല്‍ എന്നിങ്ങനെ പരമാവധി മേഖലകളില്‍ നിന്നും ചോദ്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

പരിക്ഷ കഴിയുന്ന മുറയ്ക്ക് SCERT പ്രസിദ്ധീകരിച്ച ചോദ്യബാങ്ക് നമുക്ക് തുറന്നുതരുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും തയ്യാറാക്കിയ ചോദ്യപേപ്പറുകള്‍ പരീക്ഷകഴിഞ്ഞ് അയച്ചു തന്നാല്‍ ഒന്നിച്ച് പോസ്റ്റായി പ്രസിദ്ധീകരിക്കാന്‍ തയ്യാറാണ്. അനേകം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അത് ഉപകാരപ്രദമായിരിക്കും. ഏതാനും യൂണിറ്റുകളുടെ കൂടി ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കാനുണ്ട്. അതിന്റെ പണിപ്പുരയിലാണ്. ഓരോ പോസ്റ്റിനോടൊപ്പം കൃഷ്ണന്‍ സര്‍ അയച്ചു തരുന്ന പുതിയ ചോദ്യങ്ങള്‍ കൂടിയാകുമ്പോള്‍ അതൊരു മുതല്‍ക്കൂട്ടാകും. പിന്നെ നമ്മുടെ ഹിത ചോദ്യങ്ങള്‍ അയച്ചുതരും .

പരീക്ഷകഴിഞ്ഞ് പ്രത്യേക റിവിഷന്‍ പാക്കേജ് പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഗണിതപഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക വിഭവങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ധാരാളം മെയിലുകള്‍ വരുന്നുണ്ട് . അതിനേക്കുറിച്ചും ഗൗരവത്തോടെ തന്നെ ആലോചിക്കുന്നുണ്ട് . ഓരോ കരിക്കുലാര്‍ ഒബ്‌ജറ്റീവിനെയും അടിസ്ഥാനമാക്കി അടിസ്ഥാനചോദ്യങ്ങള്‍ അത്തരം പാക്കേജില്‍ ഉണ്ടാകും .ഗണിതാദ്ധ്യാപകരുടെയും കുട്ടികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ബഹുപദങ്ങളിലെ ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

അനന്തതയിലേക്കുള്ള പാത.

>> Sunday, December 11, 2011


ഡോ. ജോര്‍ജ്ജ് ഗീവര്‍ഗ്ഗീസ് ലോകപ്രശസ്തനായ ഗണിതശാസ്ത്രാധ്യാപകനും ഗവേഷകനുമാണ്. ജന്മം കൊണ്ട് ഇന്ത്യക്കാരനാണെങ്കിലും ജീവിതം കൊണ്ട് വിദേശിയായ ഈ മനുഷ്യന്‍ വേണ്ടി വന്നൂ നമുക്ക് നമ്മുടെ അമൂല്യങ്ങളായ ഗണിത ഈടുവെപ്പുകള്‍ കണ്ടെത്താനും ലോകജനതയ്ക്കുമുമ്പില്‍ അവതരിപ്പിക്കാനും! ലോകചിന്തയില്‍ ശ്രദ്ധേയങ്ങളായ ചലനങ്ങള്‍ സൃഷ്ടിച്ച അദ്ദേഹത്തിന്റെ 'പാസേജ് ടു ഇന്‍ഫിനിറ്റി' എന്ന ഗ്രന്ഥത്തെ അവലേകനം ചെയ്തുകൊണ്ട് ഐടി@സ്കൂള്‍ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ വി കെ ബാബുസാര്‍ എഴുതി കഴിഞ്ഞ സെപ്തംബര്‍ 25 ന്റെ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം, അദ്ദേഹത്തിന്റെ അനുവാദത്തോടെ പുന:പ്രസിദ്ധീകരിക്കുകയാണിവിടെ.
ഗണിതശാസ്ത്രപുരോഗമനത്തെക്കുറിച്ചുള്ള യൂറോ കേന്ദ്രീകൃതപരിപ്രേക്ഷ്യത്തെ പിടിച്ചുലക്കാന്‍ പോന്ന പുതുചരിത്രാഖ്യാനമാണ് 'അനന്തതയിലേക്ക് ഒരു പാത'(Passage to Infinity).പാശ്ചാത്യേതരസമൂഹങ്ങളിലെ ആധുനികപൂര്‍വ്വ ഗണിതപാരമ്പര്യങ്ങളുടെ വിസ്തൃത സ്ഥലിയില്‍ ഭാരതീയവും കേരളീയവുമായ ഈടുവെയ്പുകളെ അതിന്റെ ചരിത്രപരതയില്‍ സ്ഥാനപ്പെടുത്തുന്ന ഈ പുസ്തകം 'മയൂരശിഖ'(The Crest of the Peacock )യുടെ കര്‍ത്താവില്‍ നിന്നുതന്നെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്.'മയൂരശിഖ'യിലൂടെ ഗണിതപദ്ധതികളുടെ ബഹുസ്വരത അനാവരണം ചെയ്ത് ഈ രംഗത്തെ യൂറോപ്യന്‍ അധിനിവേശചിന്തയെ പ്രഹരിച്ച ജോര്‍ജ് ഗിവര്‍ഗീസ് ജോസഫ് ഇവിടെ കേരളിയഗണിത പദ്ധതിയുടെ വിനിമയം യൂറോപ്യന്‍ പദ്ധതിയുടെ അടിസ്ഥാനമായിട്ടുണ്ട് എന്ന അനുമാനത്തെ ശാസ്ത്രീയാന്വേഷണത്തിലൂടെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. കെട്ടുകഥകളേയും ഐതിഹ്യങ്ങളേയും ആശ്രയിക്കുന്ന രാഷ്ട്രീയഹിന്ദുത്വത്തിന്റെ ജ്ഞാനാന്വേഷണങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന ഈ അന്വേഷണം,വിവിധ നാഗരികതകളില്‍ ഗണിതശാസ്ത്ര പ്രയോഗവിദ്യകളെന്ന നിലയില്‍ വികസിച്ച ഗണിതശാസ്ത്ര വസ്തുതകളുടെ സ്വതന്ത്ര പുനരാവിഷ്കാരങ്ങളായി ആധുനിക ഗണിതശാസ്ത്രത്തെ കാണുന്ന ജനാധിപത്യവീക്ഷണമാണ് വികസിപ്പിക്കുന്നത്.

ഇംഗ്ലീഷില്‍ രചിക്കപ്പെട്ട കൃതിയുടെ ഈ മലയാളമൊഴിമാറ്റം നടത്തിയിരിക്കുന്നത് ആര്‍.പദ്മരാജ് ആണ്.യൂറോപ്പിനു പുറത്ത് ഉത്ഭവിച്ചിരിക്കാനിടയുള്ള ആധുനികഗണിതശാസ്‍ത്രത്തിന്റെ ആദിസ്പന്ദനങ്ങളടങ്ങിയ ആശയങ്ങളും സങ്കേതങ്ങളും യൂറോപ്പിലേക്കു വിനിമയം ചെയ്യപ്പെട്ടിരിക്കാനുള്ള സാദ്ധ്യതയുടെ അന്വേഷണമാണ് പരാമൃഷ്ട ഗ്രന്ഥത്തിന്റെ പ്രധാനപ്രമേയം.പതിനഞ്ചും പതിനാറും നൂറ്റണ്ടുകളില്‍ കേരളത്തില്‍ ജീവിച്ചിരുന്ന സംഗമഗ്രാമ മാധവന്‍,പരമേശ്വരന്‍,ദാമോദരന്‍ ,നീലകണ്ഠ സോമയാജി,ജ്യേഷ്ഠദേവന്‍,ചിത്രഭാനു, ശങ്കരവാരിയര്‍,അച്യുതപിഷാരടി തുടങ്ങിയ ഗണിതജ്ഞരുടെ സംഭാവനകള്‍ ഉള്‍ക്കൊണ്ട കേരളീയ ഗണിത പദ്ധതി (Kerala School of Mathematics) യാണോ ഈ സ്പന്ദനങ്ങളുടെ പ്രഭവസ്ഥാനം എന്നത് സവിശേഷമായും പരിശോധിക്കുന്നു.ഭാരതീയവും കേരളീയവുമായ ഗണിതസരണിയുടെ ദീപ്തമായ വശങ്ങളെ വിലയിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള ഈ ദൗത്യം ഗണിതശാസ്ത്രതത്പരരെ മാത്രം ആകര്‍ഷിക്കുന്ന ഒന്നല്ല.സ്വന്തം ദേശത്തിന്റെ ചിന്താപൈതൃകത്തെ കാലോചിതമായി സ്വാംശീകരിക്കാന്‍ ആഗ്രഹിക്കുന്ന സംസ്കാരപഠിതാക്കളേയും ചരിത്രഗവേഷകരേയും വിദ്യാഭ്യാസ പ്രവര്‍ത്തകരേയും പുസ്തകം ആകര്‍ഷിക്കും.

രചനയുടെ ലക്ഷ്യത്തിനനുഗുണമായിതന്നെ ഉള്ളടക്കം സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു പറയാം.കേരളിയ ഗണിതപദ്ധതിയുടെ സാമൂഹികമായ സ്രോതസ്സുകളെ ആദ്യം തന്നെ വിശദമായി പരിശോധിക്കുന്നു.സാമൂഹികസ്രോതസ്സുകളെക്കുറിച്ചുള്ള വിസ്തൃതപഠനം ലേഖകന്റെ വാദങ്ങള്‍ക്ക് അധികയുക്തി പ്രദാനം ചെയ്യുന്നുണ്ട്.പതിനാലാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളോടെ ദൃശ്യമായിത്തുടങ്ങിയ ഈ ഗണിത-ജ്യോതിശാസ്ത്ര പുഷ്കലതയുടെ സാമൂഹികവും രാഷ്‍ട്രീയവും സാസ്‍കാരികവുമായ വേരുകള്‍ കണ്ടെടുക്കുയാണ് ഇതിലൂടെ .ഒന്‍പതാം നൂറ്റാണ്ടില്‍ കുലശേഖര ആഴ്‍വാറിന്റെ കാലത്തു മുതല്‍ ഉണ്ടായ സര്‍വതലസ്‍പര്‍ശിയായ ഉണര്‍വ് മധ്യകാലം (1102-1498) മുഴുവന്‍ തുടര്‍ന്നത് തദ്ദേശീയമായ ഗണിത-ജ്യോതിശാസ്‍ത്രപദ്ധതിയുടെ തിടം വെയ്ക്കലിന് ഫലഭുയിഷ്ഠമായ മണ്ണൊരുക്കി.മധ്യകാലകേരളത്തിലെ ജീവിതരീതി, ക്ഷേത്രസംസ്കാരം, വിജ്ഞാനസമ്പാദന പ്രക്രിയ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സമഗ്രമായ ഒരു പരിശോധനയിലൂടെയാണ് ഗ്രന്ഥകര്‍ത്താവ് ഈ നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്നത്.

മുന്‍കാല ഭാരതീയ ഗണിത-ജ്യോതിശാസ്‍ത്ര ഉപലബ്‍ധികളെ ആധാരമാക്കിയുള്ള ഭാഷ്യങ്ങളുടെ രൂപത്തിലും കൃഷി,കാലാവസ്ഥാ പ്രവചനം,സമുദ്രതരണം,ഗ്രഹസ്ഥിതി നിര്‍ണ്ണയം തുടങ്ങിയ ജീവിതാവശ്യങ്ങളുടെ ആവിഷ്‍കാരമായ സ്വതന്ത്രമായ കൃതികളുടെ രൂപത്തിലും ഒരു മൗലികമുദ്രയുള്ള ഗണിതപദ്ധതി (school of mathematics) സാവധാനം വികസിച്ചുവന്നതിന്റെ ചിത്രം മിഴിവോടെ അവതരിപ്പിക്കുന്നു ഇവിടെ.സംഗമഗ്രാമ മാധവന്‍ മുതല്‍ കേരളീയ ഗണിതപദ്ധതിയിലെ ഗണനീയരായ എല്ലാവരുടേയും സംഭാവനകള്‍ അവയുടെ ചരിത്രപരമായ പ്രാധാന്യം എടുത്തുകാട്ടി വിവരിക്കുന്നുമുണ്ട് ഈ പ്രബന്ധത്തില്‍.കേരളീയപദ്ധതിയിലെ നിര്‍ണ്ണായക ഗ്രന്ഥമാണ് ജ്യേഷ്ഠദേവന്‍ നമ്പൂതിരി (1500-1610) രചിച്ച 'യുക്തിഭാഷ'.മലയാളത്തില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥം സിദ്ധാന്തങ്ങള്‍ എല്ലാ തെളിവുകളും സഹിതം സമര്‍ഥിക്കപ്പെട്ട ,കാല്‍ക്കുലസിന്റെ പിതൃത്വം അവകാശപ്പെടാവുന്ന ഒന്നത്രെ.

കേരളീയപദ്ധതിയുടെ ഗണിതസ്രോതസ്സുകള്‍ വിവരിക്കുന്ന അധ്യായത്തില്‍ പ്രധാന സംഭാവനകളുടെ വിശദമായ കണക്കെടുപ്പാണ്.പാശ്ചാത്യവും പാശ്ചാത്യേതരവുമായ ഗണിതപദ്ധതികളില്‍ നിന്നും കേരളീയപദ്ധതിയുടെ വ്യതിരിക്തത സോദാഹരണം വ്യക്തമാക്കുന്നു. ആര്യഭടീയത്തിന്റെ സ്വാധീനം വിശദമാക്കുന്നതിന് ഏറെ പേജുകള്‍ നീക്കിവെച്ചിരിക്കുന്നു.121 ശ്ലോകങ്ങളിലായി ഗണിതവും ജ്യോതിശാസ്‍ത്രവും പ്രതിപാദിക്കുന്ന പ്രസ്‍തുത കൃതിയുടെ പ്രഭാവം യൂക്ലീഡിന്റെ എലിമെന്റ്സ് പാശ്ചാത്യലോകത്തുണ്ടാക്കിയ സ്വാധീനത്തിന് തുല്യമാണെന്ന് ലേഖകന്‍ കണ്ടെത്തുന്നുണ്ട്.ന്യൂട്ടണ്‍-ഗ്രിഗറി സീരീസ് എന്നറിയപ്പെട്ടിരുന്ന അനന്തശ്രേണിയെ മാധവ-ഗ്രിഗറി സീരീസ് എന്ന് പുനര്‍നാമകരണം ചെയ്യല്‍ സാധ്യമാക്കിയതിന്റെ അടിസ്ഥാനം പ്രതിപാദിക്കുന്നുണ്ടിടെ.അതുമാത്രം പോരെന്നാണ് ലേഖകന്റെ മതം. നക്ഷത്രതുല്യരായി ഗണിക്കപ്പെടുന്നവരുടെ ആകാശത്തിലിടം നേടാന്‍ കേരളീയ പദ്ധതിയിലെ അനുഗൃഹീത ഗണിതശാസ്‍ത്രജ്ഞര്‍ക്ക് യോഗ്യതയുണ്ട്.

എ.ഡി. 14 മുതല്‍ 17 വരെയുള്ള നൂറ്റാണ്ടുകളില്‍ കേരളത്തില്‍ തികച്ചും തദ്ദേശീയമായി വളര്‍ന്നു വികസിച്ച ഗണിതരംഗത്തെ മികവ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മാത്രമല്ല ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും അജ്ഞാതമായിരുന്നു.കേരളപദ്ധതിയിലെ നാല് ഗ്രന്ഥങ്ങളെ ഉദ്ധരിച്ചുകൊണ്ട് 1834 ല്‍ ചാള്‍സ് വിഷ് ചില കേരളീയ കണ്ടെത്തലുകളെ വെളിവാക്കും വരെ ഇത് തുടര്‍ന്നു. വിലോമസ്‍പര്‍ശരേഖയ്‍ക്കുള്ള ഗ്രിഗറി ശ്രേണി(Gregory series for inverse tangent), π യ്‍ക്കുള്ള ലെബനിറ്റ്സ് ഘാതശ്രേണി (Leibnitz power series for π ),സൈന്‍/കൊസൈന്‍ എന്നിവയുടെ ന്യൂട്ടന്‍ ഘാതശ്രേണി (Newton power series for Sine/Cosine) ,ത്രികോണമിതിക ഏകദങ്ങളുടെ യുക്തിശോധനകള്‍(Rational approximations of Trigonometric functions) എന്നിവ വിഷ് എടുത്തുകാട്ടി.ഇക്കാര്യം വിശകലനം ചെയ്ത് ലേഖകന്‍ വസ്തുനിഷ്ഠമായി കേരള പദ്ധതിയുടെ പ്രമുഖാംശങ്ങളെ നാലാം അധ്യായത്തില്‍ വിവരിക്കുന്നു.ഗണിതശാസ്‍ത്രത്തിന്റെ ചരിത്രത്തില്‍ ഇടം നേടാനര്‍ഹമായ എട്ട് നിര്‍ണ്ണായകമായ സംഭാവനകള്‍ കേരളീയ പദ്ധതിയുടേതായി ഗ്രന്ഥകര്‍ത്താവ് കണ്ടെടുത്ത് അവതരിപ്പിക്കുന്നുണ്ട്.ഇവയില്‍ പലതും യൂറോപ്യന്‍മാര്‍ കണ്ടെത്തുന്നത് നൂറ്റാണ്ടുകള്‍ക്ക് ശേഷമത്രെ.അഭിമാനകരമായ തിരിച്ചറിവുകള്‍ മലയാളി വായനക്കാര്‍ക്ക് നല്‍കുന്ന സന്ദര്‍ഭമാണിത്.

ഭാരതീയ ത്രികോണമിതിയുടെ പ്രാചീനകാലം മുതലുള്ള സംഭാവനകള്‍ വ്യക്തമാക്കുന്ന ഒരു ഗവേഷണപ്രബന്ധവും തുടര്‍ന്ന് ചേര്‍ത്തിരിക്കുന്നു.കേരളീയ പദ്ധതിയുടെ ഈ രംഗത്തെ സംഭാവനകളുടെ ചരിത്രപരമായ വികാസം അടുത്തറിയാന്‍ ഇതുപകരിക്കും.ജ്യോതിശാസ്‍ത്ര/ജ്യോതിഷ ഉപാധിയെന്ന നിലയ്ക്കു നേരിടേണ്ടിയിരുന്ന പ്രശ്നങ്ങളാണ് ആദ്യകാല ത്രികോണമിതിയുടെ ഉള്ളടക്കം.ഭാരതീയ ത്രികോണമിതിയിലെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ രൂപപ്പെട്ടത് ഈ പ്രശ്നങ്ങള്‍ക്കുള്ള സമാധാനം എന്ന നിലയ്ക്കാവും.ആര്യഭടന്‍,വരീഹമിഹിരന്‍,ഭാസ്കരന്‍ ഒന്നാമന്‍,ബ്രഹ്മഗുപ്തന്‍,ഭാസ്കരന്‍ രണ്ടാമന്‍,നീലകണ്ഠന്‍ മുതലായവരുടെ ഈ രംഗത്തെ സംഭാവനകള്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.ഗ്രഹസ്ഫൂടങ്ങള്‍,ഗ്രഹചാരങ്ങള്‍ എന്നിങ്ങനെയുള്ള ജ്യോതിശാസ്ത്ര ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വികാസപരിണാമങ്ങള്‍ ത്രികോണമിതിയിലെ കേരളീയപദ്ധതിയുടെ പുരോഗതിയുടെ അടിസ്ഥാനമായി ഭവിച്ചതിന്റെ ദൃഷ്ടാന്തം നീലകണ്ഠന്റെ 'ഗോളസാരം' എന്ന കൃതിയെ ആസ്പദമാക്കി സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

നേര്‍രേഖയും വക്രരേഖയും തമ്മില്‍ ഗണിതശാസ്‍ത്രപരമായി ബന്ധപ്പെട്ടിരിക്കണമെന്ന ആശയമാണ് കേരളീയ ഗണിത പദ്ധതിയുടെ അടിസ്ഥാന പ്രചോദനമായി ഭവിച്ചതെന്ന് ലേഖകന്‍.ഒരു നിശ്ചിത വ്യാസത്തിന് കൃത്യമായ വൃത്തപരിധിമൂല്യം നിര്‍ണ്ണയിക്കാനാവുന്നില്ലെന്ന സമസ്യയ്ക്ക് ഉത്തരം തേടി കേരളിയ ഗണിതജ്ഞരും അലഞ്ഞിരിക്കണം.1593 ല്‍ ഫ്രാന്‍സിയോസ് വിറ്റേ യൂറോപ്പില്‍ ആദ്യമായി π യെ പ്രതിനിധാനം ചെയ്യാന്‍ ഗണിതക്രിയാശ്രേണി രപപ്പെടുത്തി എന്നത് ചരിത്രം.എന്നാല്‍ അതിന് 250 വര്‍ഷം മുന്‍പ് സംഗമഗ്രാമ മാധവന്‍ π/4=1-1/3+1/5-1/7+.....എന്ന ഫലത്തിന് തത്തുല്യമായത് കണ്ടെത്തിയിരുന്നു. (വൃത്തപരിധി കണക്കാക്കാന്‍ 'വ്യാസത്തെ 4 ല്‍ ഗുണിച്ച് ; ഗുണിച്ചതിനെ ഒറ്റ സംഖ്യകള്‍ കൊണ്ട് ഹരിച്ച് ; ഹരണഫലം മേല്‍പറഞ്ഞതിനോട് മാറി മാറി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക' എന്ന് മാധവന്‍). അനന്തശ്രേണികളും സമാകലിതങ്ങളും(integrals) അടിസ്ഥാനമാക്കിയ രീതി ഉപയോഗിച്ച കേരളീയര്‍ പാരിമിത്യം (limit) എന്ന ആശയത്തിന് സമീപമെത്തിയിട്ടും കലന(calculus)ത്തിന്റെ അല്‍ഗരിതങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കാതെ ജ്യാമിതീയസമീപനത്തില്‍ തുടരുകയായിരുന്നു.ഇതാകട്ടെ യൂറോപ്യന്‍ ഗണിതജ്ഞര്‍ കലനം മുഖേന സാധിച്ചെടുക്കുകയും ചെയ്തതായി പ്രൊഫ.ജോസഫ് കണ്ടെത്തുന്നു.ഈ അനന്തശ്രേണി കേരളീയ ഗണിതജ്ഞര്‍ എപ്രകാരം നിര്‍ദ്ധാരണം ചെയ്‍തെടുത്തു എന്ന് വിസ്തരിച്ചിരിക്കുന്നു പുസ്തകത്തില്‍.പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് ഈ ദിശയിലുള്ള പഠനങ്ങള്‍ ഗ്രിഗറിയും ലെബനിറ്റ്സും നടത്തിയതെന്നോര്‍ക്കുക.

ഇന്ന് ഐസക് ന്യൂട്ടന്റെ പേരിലറിയപ്പെടുന്ന സൈന്‍, കൊസൈന്‍ ഘാതശ്രേണികള്‍ യഥാര്‍ത്ഥത്തില്‍ മാധവന്റെ പേരിലാണ് അറിയപ്പെടേണ്ടത് എന്ന കണ്ടെത്തലാണ് കേരളീയരുടെ ഞരമ്പുകളിലെ ചോരയെ തിളപ്പിക്കുക.വൃത്തത്തിന്റെ ആദ്യപാദത്തില്‍ സ്ഥതിചെയ്യുന്ന ചാപത്തിന്റെ നീളം ജ്യോതിശാസ്‍ത്രപരമായ ആവശ്യങ്ങള്‍ക്കയി കൃത്യതയോടെ കണക്കാക്കാനുള്ള ശ്രമമാണ് കേരളീയ ഗണിതകാരന്‍മാരെ സൈന്‍,കൊസൈന്‍ അനന്തശ്രേണികളുടെ ഗൗരവമായ പഠനത്തിലേക്ക് നയിച്ചിട്ടുണ്ടാവുക .'യുക്തിഭാഷ'യിലെ ബന്ധപ്പെട്ട ശ്ലോകങ്ങളെ ഗണിതശാസ്ത്രത്തിന്റെ ആധുനിക ഭാഷാചിഹ്നപ്രയോഗത്തിലേക്ക് വിവര്‍ത്തനം ചെയ്ത് തന്റെ മില്യന്‍ ഡോളര്‍ കണ്ടെത്തലിനെ സ്ഫടികവ്യക്തതയോടെ സാധൂകരിക്കുകയും ചെയ്യുന്നുണ്ട് ലേഖകന്‍.ഭാരതീയവും ആധുനികവുമായ ഗണിതങ്ങള്‍ തമ്മിലുള്ള രീതിശാസ്‍ത്രപരവും ജ്ഞാനശാസ്ത്രപരവും ദാര്‍ശനികവുമായ വ്യത്യസ്തതകളെ കണക്കിലെടുക്കുമ്പോള്‍ , ഭാരതീയഗണിതത്തിന് ഉപപത്തി (proof) ഇല്ല എന്നതുപോലുള്ള പാര്‍ശ്വവല്‍കരണങ്ങളിലേക്ക് നയിക്കുന്ന സാമാന്യവത്കരണങ്ങളും താരതമ്യങ്ങളും അപകടകരമാണെന്ന ഗ്രന്ഥകര്‍ത്താവിന്റെ നിരീക്ഷണം ശ്രദ്ധയമാണ്.

ഭാരതീയഗണിതത്തോടുള്ള ഇസ്ലാമിക്/അറബ് കാഴ്ചപ്പാടുകളില്‍ നിന്ന് വ്യത്യസ്തമായി യൂറോപ്യന്‍മാരുടേത് മേല്‍ക്കോയ്മയുടേതായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടോടെ സെഡില്ലോട്ടും ബെന്റ്ലിയും ലോകാംഗീകാരം നേടിയ ഭാരതീയ ഗണിതത്തിന്റെ മൗലികതയെ ചോദ്യം ചെയ്തു.ഈ ധാരണക്കുറവ് ഇന്നും തുടരുന്നവരുമുണ്ട്.അവര്‍ക്കെല്ലാമുള്ള മറുപടിയാണ് ലേഖകന്റെ കേരളീയ പദ്ധതിയെക്കുറിച്ചുള്ളതടക്കമുള്ള അനാവരണങ്ങള്‍.യൂറോ കേന്ദ്രീകൃതമായ മേധാവിത്ത മുന്‍വിധിയില്‍ നിന്നും വിടുതല്‍ നേടി യൂറോപ്യന്‍ പണ്ഠിതര്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയാണ് കേരളീയ പദ്ധതിയുടെ നേട്ടങ്ങളെ വിശകലനം ചെയ്യാന്‍ തുടങ്ങിയത്.സാധൂകരണമാര്‍ഗങ്ങളുടെ വ്യത്യസ്തതകളെ പരിഗണിക്കാതെയുള്ള നോട്ടങ്ങളും ദ്വിതീയസ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള നിഗമനങ്ങളും ആണ് കേരളീയ ഗണിതത്തിന്റെ ഗുണനിര്‍ണയത്തെ ഋണാത്മകമായി സ്വാധിനിക്കുന്നത്.

വിജ്ഞാന വിനിമയ വാദത്തിനു് യൂറോപ്യന്‍ പണ്ഠിതര്‍ അവലംബിച്ച മാര്‍ഗങ്ങള്‍ തന്നെ ഉപയോഗിച്ച് കേരളീയ പദ്ധതിയുടെ വിനിമയസാധ്യത തെളിയിക്കാനാകുമോ എന്ന ശ്രമമാണ് ലേഖകന്‍ നടത്തുന്നത്.വിനിമയം തെളിയിക്കുന്നതിന് ന്യൂഗബോര്‍ സിദ്ധാന്തിക്കുന്ന കാര്യങ്ങളും വാന്‍ഡര്‍ വാര്‍ഡന്റെ പൊതുസ്രോതസ്സിദ്ധാന്തമനുസരിച്ചുള്ള ഘടകങ്ങളും ഉണ്ടായിട്ടും കേരളീയഗണിതം യൂറോപ്പിലേക്ക് വിനിമയം ചെയ്യപ്പെട്ടുവെന്ന അനുമാനത്തിന് സാഹചര്യത്തെളിവ് പോരാതെ വരുന്നു.യൂറോപ്യന്‍ ഗണിതചരിത്രത്തിലൊന്നും ഇത്തരമൊരു വിനിമയസാധ്യതയുടെ സൂചനകളില്ലെന്നിരിക്കേ ,സാഹചര്യാധിഷ്ഠിതമായ മറ്റു തെളിവുകള്‍ എടുത്തുകാട്ടുന്നുണ്ട്.ഒപ്പം സാര്‍വ്വലൗകികമായിത്തീര്‍ന്ന ഒരു വിനിമയത്തിന്റെ ഉദ്ഭവവും വളര്‍ച്ചയും ഘട്ടങ്ങളും തന്റെ വാദത്തിന് ഉപോത്ബലകമായി വിസ്തരിക്കുന്നു.നൂറ്റാണ്ടുകളിലൂടെ ഭാരതത്തിനകത്തു തന്നെ പരിണമിച്ചുണ്ടായ പൂജ്യത്തോടുകൂടിയ,സ്ഥാനമൂല്യസംവിധാനത്തോടെയുള്ള സംഖ്യാപദ്ധതിയുടെ പടിഞ്ഞാട്ടുള്ള ഗതി അല്ലാതെ മറ്റൊന്നുമല്ല അത്.

കേരളീയഗണിതം യൂറോപ്പിലേക്കു വിനിമയം ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതാപഠനം ഉള്‍ക്കൊള്ളുന്ന ലേഖകന്റെ നേതൃത്തിലുള്ള ഗവേഷണപ്രൊജക്ടിലെ കണ്ടേത്തലുകളാണ് അവസാനഭാഗം. പ്രേരണ,അവസരം,സാഹചര്യത്തെളിവുകള്‍,രേഖകള്‍ തുടങ്ങി എല്ലാം നിറഞ്ഞ ഈ 'കുറ്റാന്വേഷണ' ഡയറിക്കുറിപ്പുകള്‍ ആകാംക്ഷയോടെ വായിച്ചുപോകാന്‍ പാകത്തിലാണുള്ളത്. സമുദ്രതരണത്തിനുള്ള കൃത്യമായ കണക്കുകളുടെ ആവശ്യകത,ഗാമയുടെ വരവോടെ തുറന്നുകിട്ടിയ സഞ്ചാരപഥം,ഗണിത /സമുദ്രതരണ /ജ്യോതിശാസ്ത്ര ങ്ങളില്‍ പ്രവീണരായ ജെസ്യൂട്ട് പാതിരിമാരുടെ സാന്നിദ്ധ്യം ,പാതിരിമാര്‍ അയച്ച റിപ്പോര്‍ട്ടുകളും കത്തുകളിലേയും ഉള്ളടക്കം, യൂറോപ്യന്‍ ലൈബ്രറികളിലെ ഭാരതീയ ശാസ്ത്ര കൈയെഴുത്തുകളിലെ പരാമര്‍ശങ്ങള്‍, തുടങ്ങിയവ പരിഗണിച്ചുള്ള ശാസ്ത്രീയമായ പരിശോധനയാണ് ഇവിടെ.

വിനിമയം നടന്നിട്ടുണ്ട് എന്നുള്ള മുന്‍വിധി ഇല്ല എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. കേരളത്തില്‍ വികസിച്ചുവന്ന തദ്ദേശീയ ശാസ്ത്രവിജ്ഞാനം കൈക്കലാക്കാനുള്ള തീവ്രപ്രചോദനം ജെസ്യൂട്ട് പാതിരിമാര്‍ക്കുണ്ടായിരുന്നെന്ന മുന്‍ കണ്ടെത്തലിനെ ഉറപ്പിക്കാനായെങ്കിലും കേരളീയ ഗണിതമടങ്ങിയ താളിയോലകള്‍ അവര്‍ നേരിട്ട് കൈവശപ്പെടുത്തിയെന്നോ മൂന്നാമതൊരാള്‍ വഴി സ്വന്തമാക്കിയെന്നോ ഉള്ള വാദങ്ങളെ സാധൂകരിക്കുന്ന പ്രത്യക്ഷ തെളിവുകള്‍ ലഭിച്ചില്ല എന്ന വസ്തത ഇവിടെ സമ്മതിക്കുന്നുണ്ട്.തുടര്‍ന്ന് മറ്റു തരത്തിലുള്ള വിനിമയ സാധ്യതകളും യൂഗോ ബാള്‍ഡിനി അടക്കമുള്ളവരുടെ എതിര്‍വാദങ്ങളും ചര്‍ച്ച ചെയ്യുന്നു.രേഖാപരമല്ലാത്ത വിനിമയത്തിനുള്ള സാധ്യതയെക്കുറിച്ചുള്ള അരുണ്‍ ബാലയുടെ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ചില അനുമാനങ്ങളും മുന്നോട്ടുവെക്കുന്നു.ഭൂപടനിര്‍മാതാക്കള്‍,നാവികര്‍,പഞ്ചാംഗകര്‍ത്താക്കള്‍ തുടങ്ങിയവരിലൂടെ ഉപയോഗമൂല്യം മാത്രമുള്ള സൂത്രവാക്യങ്ങളുടെ രൂപത്തിലാവും പാശ്ചാത്യര്‍ക്ക് അത് ഒരുപക്ഷേ ലഭിച്ചിട്ടുണ്ടാവുക.

ചില സന്ദര്‍ഭങ്ങളിലെങ്കിലും ഗണിത പദാവലികള്‍ങ്ങള്‍ക്കുള്ള മലയാള തര്‍ജ്ജമ (ഉദാ:-chordന് ജ്യാവ്) മലയാള മാധ്യമത്തില്‍ പഠനം നടത്തിയവര്‍ക്ക് അല്പം അപരിചിതത്വം സൃഷ്ടിക്കാം. ഐസക് ന്യൂട്ടനും ലെബനിറ്റ്സിനും മുന്‍പ് കാല്‍കുലസിന്റെ ആദ്യസിദ്ധാന്തങ്ങള്‍ കേരളീയപദ്ധതിയുടെ ഭാഗമായിരുന്നു എന്നത് ,എലിമെന്ററി ഗണിതത്തിലിടം നല്‍കി നോണ്‍-യൂറോപ്യന്‍ സംഭാവനകളെ പരിമിതപ്പെടുത്തിയ അധിനിവേശചിന്താ സരണികള്‍ക്ക് വെടിമരുന്ന് നിറഞ്ഞ ഒരറിവാകാതെ വയ്യ.


Read More | തുടര്‍ന്നു വായിക്കുക

അനാവശ്യ സെര്‍ച്ചിങ്ങ് നിയന്ത്രിക്കാം

>> Tuesday, December 6, 2011


വീട്ടിലും സ്കൂളിലുമൊക്കെ ഇന്റര്‍നെറ്റ് ഉപയോഗം വ്യാപിക്കുന്നതിലെ സന്തോഷത്തോടൊപ്പം രക്ഷിതാക്കളുടേയും അധ്യാപകരുടേയും ഉറക്കംകെടുത്തുന്ന ഒന്നായി മാറുകയാണ്, അതിന്റെ ദുരുപയോഗം. സെര്‍ച്ച് എഞ്ചിനുകളുടെ സെര്‍ച്ച് ബോക്സില്‍ എന്ത് ടൈപ്പ് ചെയ്ത് കൊടുത്താലും വിവരങ്ങളായും ഇമേജുകളായും വീഡിയോകളായും നിമിഷത്തിനുള്ളില്‍ നിരന്നു കിടക്കുന്ന തമ്പ് നേലുകളില്‍ പലതും പരിസരത്തേക്കുപോലും അടുപ്പിക്കാന്‍ കൊള്ളാവുന്നവയല്ലെന്നത് ഒരു സത്യം മാത്രമാണ്. എല്‍സിഡി പ്രൊജക്ടര്‍ വെച്ച് ലൈവായി യൂട്യൂബിലും മറ്റും ചില തിരച്ചിലുകള്‍ നടത്തി കുട്ടികളുടെ മുന്നില്‍ വഷളായ അപൂര്‍വ്വം പേരെങ്കിലും അനുഭവം പങ്കുവെച്ചിട്ടുണ്ട്. 'പാരന്റല്‍ കണ്ട്രോള്‍' എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും നമ്മുടെ ഉബുണ്ടുവിലും മറ്റും ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന സൗജന്യമായ ഒന്നിനു വേണ്ടി വിഫലമായി ഏറെ തിരഞ്ഞിരുന്നു. എന്നാല്‍ ഫയര്‍ഫോക്സ് മോസില്ല ഉപയോഗിക്കുന്നവര്‍ക്ക് (ഉബുണ്ടുവായാലും വിന്റോസായാലും)ഒരു മിനുറ്റില്‍ താഴെ സമയം കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരു 'ആഡ് ഓണ്‍ 'ആയ Foxfilter നെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ആലപ്പുഴ കുട്ടനാട് മാസ്റ്റര്‍ ട്രൈനര്‍ കോ-ഓര്‍ഡിനേഷന്‍ ശ്രീ. കെ.ഒ. രാജേഷിന്റെ പഴയ ഒരു മെയിലില്‍ നിന്നാണ് ഇത് കണ്ടുകിട്ടിയത്. ഇവിടെ ക്ലിക്ക് ചെയ്തോ Tools -> Add-ons -> Search ->Foxfilter വഴിയോ ചുരുങ്ങിയ സമയം കൊണ്ട് ഇത് ഇന്‍സ്റ്റാള്‍ ചെയ്യാം.

Installation പൂര്‍ത്തിയാകുമ്പോള്‍ Firefox റീസ്റ്റാര്‍ട്ട് ചെയ്താല്‍ മതി. കൂടുതല്‍ പദങ്ങള്‍ ഫില്‍ട്ടറിംഗിന് ഉള്‍പ്പെടുത്തണമെങ്കില്‍ Firefox ന്റെ Tools മെനുവില്‍ നിന്നും Foxfilter settings എടുത്ത് Blocked എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ നല്‍കിയിരിക്കുന്ന പദങ്ങളുടെ കൂടെ Type ചെയ്ത് സേവ് ചെയ്യുക.
പിന്‍കുറി:
കൂടുതല്‍ പദങ്ങള്‍ ഫില്‍ട്ടറിംഗിന് ഉള്‍പ്പെടുത്തണമെങ്കില്‍ Firefox ന്റെ Tools മെനുവില്‍ നിന്നും Foxfilter settings എടുത്ത് Blocked എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ നല്‍കിയിരിക്കുന്ന പദങ്ങളുടെ കൂടെ ഒഴിവാക്കേണ്ട പദങ്ങളൊക്കെ Type ചെയ്ത് ചേര്‍ത്ത് സേവ് ചെയ്യുക. ഇത് പാസ്​വേഡ് വെച്ച് പ്രൊട്ടക്ട് ചെയ്യുകയുമാകാം. പക്ഷേ കുറച്ച് പണം മുടക്കേണ്ടി വരുമെന്നാണ് മനസ്സിലാകുന്നത്!


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer